അനശ്വര സ്മരണകള്‍ -2 ഇവിടെ നിന്നും വായിക്കാം
സെപ്തംബർ 21 നു രാവിലെ ഓഫീസിലേക്ക് പോകാൻ നിൽക്കുമ്പോൾ റൈജുവേട്ടന്റെ അപ്രതീക്ഷീതമായ ഒരു കാൾ . ഡാ ഒരു ബാഡ് ന്യൂസുണ്ട് എന്ന മുഖവുരയോടെ ഞെട്ടിക്കുന്ന സത്യം റൈജുവേട്ടൻ പറയുമ്പോൾ സത്യത്തിൽ ഞാൻ തളരുകയായിരുന്നു . നവീനു എങ്ങിനെയുണ്ട് എന്നതിനു ഐസിയുവിലാണ് പ്രശ്നമാണ് എന്നൊക്കെ അവ്യക്തതയോടെ പറയുമ്പോൾ ആ ശബ്ദത്തിലെ വിറയൽ ഞാൻ തിരിച്ചറിഞ്ഞു . ഞാൻ ആകെ മരവിച്ചു പോയി . മനസ്സിലേക്ക് ചിരിക്കുന്ന നവീന്റെ മുഖം തെളിഞ്ഞു വന്നു .എന്റെ ചിന്തകൾക്ക് പ്രവർത്തികൾക്ക് ശക്തി കുറഞ്ഞപോലെ ….
ഇടക്കു റൈജുവേട്ടനെ വിളിച്ചു വിശദാംശങ്ങൾ ചോദിക്കുമ്പോൾ മനസ്സ് പ്രാർത്ഥിക്കുകയായിരുന്നു അവനു വേണ്ടി .. നീ കാണാൻ പോകുന്നില്ലേ എന്നതിനു ഇല്ല എന്നായിരുന്നു മറുപടി . എനിക്ക് പറ്റില്ല അവന്റെ കിടപ്പു കാണാൻ . എനിക്കു വയ്യ .. പക്ഷേ എത്ര ദിവസം ഇങ്ങനെ പിടിച്ചു നിൽക്കും . മനസ്സിൽ അവന്റെ രൂപം , അവൻ ചോദിക്കുന്ന പോലെ , അവൻ കാണണമെന്നു ആഗ്രഹിക്കുന്ന പോലെ .. എന്തൊക്കെയോ മനസ്സിൽ മിന്നിമറയുന്നു .. ഒടുവിൽ ഐസിയുവിൽ ഞാൻ കണ്ട രൂപം , ഒരു നോട്ടം ഇല്ലാതെ , അവൻ , മനസ്സിനെ നിയന്ത്രിക്കാൻ പാടുപെട്ടു . തിരിച്ച് റൈജുവേട്ടനേയും കൂടെയുള്ള യാത്രയിൽ പലതും ചോദിച്ചു റൈജുവേട്ടന്റെ മറുപടികൾ പലതും മുറിഞ്ഞു പോകുന്നത് ശ്രദ്ധിച്ചു. പലപ്പോഴും നിശബ്ദതയായിരുന്നു മറുപടി .അല്ലെങ്കിൽ വിതുമ്പലിന്റെ വക്കിലെത്തിയ വാക്കുകൾ .
ഓരോ ദിവസവും നവീന്റെ നില മോശമായി വരുകയായിരുന്നു അതിനിടയിൽ അദ്ദേഹത്തിന്റെ ബ്ലോഗിൽ അനുജൻ നെത്സണിന്റെ കമന്റിലൂടെ ലോകം മുഴുവൻ അറിയുകയായിരുന്നു .. പ്രാർത്ഥനകളുടെ പ്രവാഹമായിരുന്നു പിന്നീട് .. ലോകം മുഴുവൻ അവനുവേണ്ടി നിശബ്ദമായി കേഴുകയായിരുന്നു . ഒക്ടോബർ 2 നു അവനെ വീണ്ടും കാണാൻ പോകുമ്പോൾ റൈജുവേട്ടനും കൂടെയുണ്ടായിരുന്നു . വളരെ നിരാശ നിറഞ്ഞ മനസ്സോടെ ആയിരുന്നു യാത്ര . വീണ്ടും അതേ കാഴ്ച പക്ഷേ ഒന്നും പ്രതീക്ഷിക്കാനില്ലാതെ . മസ്തിഷ്ക മരണം സ്ഥിതീകരിച്ച് വെന്റിലേറ്ററിന്റെ സഹായത്തോടെ .. എപ്പോൾ വേണമെങ്കിലും സംഭവിക്കാം എന്ന അവസ്ഥയിൽ . മരവിച്ച മനസ്സുമായി തിരികെ വരുമ്പോൾ റൈജുവേട്ടനും അധികം സംസാരിച്ചിരുന്നില്ല. ഇടക്ക് പറയും എനിക്കുറങ്ങാൻ സാധിക്കുന്നില്ല .തൊട്ടടുത്ത അവന്റെ കട്ടിലിലേക്ക് … പെട്ടെന്ന് വിതുമ്പിയോ …… എനിക്കറിയാം ആ മനസ്സ് ഒരു സഹോദരനെപ്പോലെ സ്നേഹിച്ചയാൾ .
ഒക്ടോബർ നാലിന് പതിവുപോലെ ഓഫീസിലേക്ക് പോകാൻ തയ്യാറെടുക്കുമ്പോൾ റൈജുവേട്ടന്റെ വിളി .. “ എടാ അവൻ പോയി “ കൂടുതൽ ഒന്നും സംസാരിക്കാനുണ്ടായിരുന്നില്ല . വീണ്ടും ഒരു ചെറു പുഞ്ചിരിയുമായി അവൻ മനസ്സിൽ … ഒരു തരം യാന്ത്രികത . ഞാൻ അവനോട് ഒരു ബൈ പോലും പറഞ്ഞില്ലല്ലോ .. എനിക്കായ് അവൻ തന്ന ഓഫ് ലൈൻ മെസ്സേജുകൾ .. മനസ്സിലേക്കു പെട്ടെന്ന് ഒരു പാട് കാര്യങ്ങൾ കയറിവരുന്നു .. അടുക്കും ചിട്ടയുമില്ലാതെ
“ ശ്രീജിത്ത് പുഴ മാഗസിനിലെ എന്റെ കഥകൾ
വായിച്ചിരുന്നോ ? .
“ഇല്ലപ്പാ സമയം കിട്ടിയില്ല”
“ഒകെ അപ്പ നേരവും ഒഴിവും തോന്നിയാൽ മാത്രം വായിച്ചാൽ
മതി :)“
അവനായി ഞാൻ ബാക്കി വച്ച കടം .. ഇനിയെങ്ങിനെ ഞാൻ
അവനോട് അഭിപ്രായം പറയും .. ഈ കടം
എങ്ങിനെ വീട്ടും ..
അന്ന് പൊട്ടക്കലത്തിൽ അവന്റെ വേർപാട്
അറിയിക്കുമ്പോൾ അവനറിയാതെ ഞാൻ ഒരു കമന്റ്
ഇടുകയായിരുന്നു ..
(തുടരും )
This entry was posted
on 18/12/09
at 6:42 pm
and is filed under
ഓര്‍മ്മ
. You can follow any responses to this entry through the
comments feed
.