തന്റേതല്ലാത്ത കാരണത്താല്‍.. part2  

Posted by Sreejith in

എന്തെഴുതണം എങ്ങിനെ തുടങ്ങണം എന്നറിയാതെ എന്റെ മനസ്സ് അലയുകയായിരുന്നു.ഒടുവില്‍ തോല്‍ക്കാന്‍ മനസ്സില്ലാതെ രണ്ട് ഖണ്ഡിക മാത്രം എഴുതിയാല്‍ മതി എന്ന സുരേഷ് സാറിന്റെ ഉറപ്പില്‍ ഞാന്‍ എഴുതി തുടങ്ങി.....
*********************************** ************************ *****
അന്നത്തെ പ്രഭാതം പൊട്ടിവിരിഞ്ഞത് പതിവുപോലെ കിളികളുടെ കളകളാരവത്തോടെത്തന്നെയായിരുന്നു.അനിത അന്ന്‍ നേരത്തെ എണീറ്റു. സൂര്യന്‍ എന്നത്തേയും പോലെ അവളുടേ നേര്‍ക്ക് സുവര്‍ണ്ണകിരണങ്ങള്‍ പൊഴിച്ചു. ഒരു നേര്‍ത്ത കാറ്റ് അവളെ തഴുകിപ്പോകുമ്പോള്‍ പിന്നില്‍ നിന്നും അമ്മയുടെ വിളി :
"എടീ അനീ നിനക്ക് ഇന്ന്‍ കോളേജില്‍ പോകണ്ടെ? . ഇന്ന്‍ ആദ്യത്തെ ദിവസമാണ്.പെട്ടെന്ന്‍ ഒരുങ്ങൂ.ഒരുമിച്ച് പോകേണ്ടതാണ്."
"ദാ അമ്മേ ഇപ്പോള്‍ വരാം " അവള്‍ പറഞ്ഞു.

അനിത ആ ഗ്രാമത്തിലെ ഇലക്ട്രിസിറ്റി എഞ്ചിനീയറിന്റേയും ,കോളേജ് ലക്ടച്ചറിന്റേയും ര‍ണ്ടു മക്കളില്‍ ഒരാള്‍.അവളുടെ അനിയന്‍ അനൂപ് സ്കൂളില്‍ പഠിക്കുകയാണ്. അഛന്റേയും അമ്മയുടേയും അരുമയാണവള്‍ .സ്വഭാവത്തിലെന്നപോലെ പഠനത്തിലും അവള്‍ മിടുക്കിആയിരുന്നു . അതിനാല്‍ മാതാപിതാക്കള്‍ക്ക് അധികം തലവേദനകള്‍ ഉണ്ടാക്കാറില്ലായിരുന്നു .എന്നാല്‍ സൗന്ദര്യം ആവശ്യത്തിനു ദൈവം കൊടുത്തതിനാല്‍ അമ്മക്ക് ഉള്ളില്‍ ആധിയില്ലാതെയില്ല. കോളെജ് എന്നു പറഞ്ഞാല്‍ ടീച്ചര്‍ക്ക് അറിവുള്ളതാണല്ലോ. എങ്കിലും ഈശ്വരനെ മനസ്സില്‍ ധ്യാനിച്ച് "ന്റെ കുട്ടിക്കൊന്നും വരുത്തല്ലേ ഭഗവാനേ " എന്നു ഉള്ളുരുകി പ്രാര്‍ത്ഥിച്ച് ആ അമ്മ മകളെയും കൂട്ടി കോളേജിലേക്ക് പുറപ്പെട്ടു. ഭാഗ്യത്തിന് അമ്മ വര്‍ക്ക് ചെയ്യുന്ന കോളേജിന്റെ അടുത്തുള്ള മറ്റൊരു കോളേജില്‍ തന്നെ അവള്‍ക്ക് ചേരാനായി.

അവള്‍ ആദ്യമായി കാമ്പസ്സില്‍ കാലു കുത്തുമ്പോള്‍ എന്തോ ഒരു ഉള്‍ഭയം അവളെ അറിയാതെ മൂടി.അപരിചിതമായ സ്ഥലം , അപരിചിതരായ കുട്ടികള്‍ , ഒട്ടും പരിചിതരല്ലാത്ത അദ്ധ്യാപകരും . അവള്‍ അമ്മയെ ഒരിക്കല്‍ക്കൂടി തിരിഞ്ഞു നോക്കി അമ്മ തിരിച്ചു നടക്കുകയാണ്. നോക്കി നില്‍ക്കുന്തോറും അവളും അമ്മയും തമ്മിലുള്ള അകലം വര്‍ദ്ധിച്ചു വരുന്നു ..ശരിക്കും അവള്‍ക്ക് കരച്ചില്‍ വന്നു....അപ്പോഴാ​ണ് ഒരു പിന്‍ വിളി.സുമയാണ് സ്കൂളില്‍ ഒരുമിച്ചായിരുന്നു ..അവളെ കണ്ടതു ഭാഗ്യം ...

ഇത്രയും ആയപ്പോഴേക്കും വാതില്ക്കല്‍ നിന്നും ശക്തമായ താക്കീതോടെ എന്റെ പ്രോഗ്രാം മെമ്പേര്സ്-കൂടാതെ പിയാനോയുമായി നോബിയും . അടി വീഴാന്‍ വേറെ വഴി വേണ്ടാ. പിന്നെ എനിക്ക് സഹിക്കാനായില്ല. ഗുരു നിന്ദയായാലും ശരി ഇനി ഞാന്‍ എണീറ്റേ പറ്റൂ എന്ന നിലക്ക് ഞാന്‍ സാറിനെ നോക്കി.സാറിനു അതു മനസ്സിലായപോലെ എന്നോട് എണീറ്റോളാന്‍ കണ്ണു കാണിച്ചു. സന്തോഷത്തോടെ എഴുതിയ കടലാസ് മടക്കി കീശയില്‍ തിരുകി പുറത്തേക്ക്. പെട്ടെന്ന് സുരേഷ് സാര്‍ എന്നെ തടഞ്ഞു. എന്നിട്ട് ഒരു ചോദ്യം :


" എഴുതിയ പേപ്പര്‍ എവിടെ? "

ഞാന്‍ ഒരു ചെറു ചമ്മലോടെ പറഞ്ഞു :

"അത് വായിക്കാന്‍ കൊള്ളില്ല.അതുകൊണ്ട് എടുത്തതാണ്"

സാറിന്റെ നിര്ബദ്ധം മൂത്തപ്പോള്‍ ഞാനത് കീശയില്‍ നിന്നും എടുത്തു എന്നിട്ട് വായിച്ചു കഴിഞ്ഞാല്‍ കീറിക്കളയാം എന്ന ഉറപ്പില്‍, ഇതു വച്ച് എന്നെ കളിയാക്കുകയില്ല എന്ന മഹാസമ്മതത്തില്‍ , മറ്റൊരാള്ക്കും കാണിച്ചു കൊടുക്കില്ല എന്ന വാക്കില്‍ ഞാനത് കൈമാറി .പിന്നെ അവിടെ നിന്നില്ല.എന്റെ പ്രോഗ്രാമുകളിലേക്ക് ഞാന് അലിഞ്ഞു ചേര്ന്നു .......


ഇടക്കു സുരേഷ് സാറിനെ കണ്ടിരുന്നു .അപ്പോഴേക്കും ഒരു ചെറുകള്ളപ്പുഞ്ചിരി രേഖപ്പെടുത്തി അദ്ദേഹം മാറിക്കളഞ്ഞു.പിന്നാലെ ഓടി സാറിനോട് ചോദിച്ചു:
"അത് കീറിക്കളഞ്ഞില്ലേ ?" വീണ്ടും ഓര്മ്മിപ്പിച്ചു :"ആര്ക്കും കാണിച്ചു കോടുക്കല്ലേ"
"ഇല്ല അതു ഞാനപ്പഴേ കീറിക്കളഞ്ഞു.. നീ പേടിക്കേണ്ടാ" അദ്ദേഹം തന്ന ഉറപ്പില്‍ പിന്നേയും തിരക്കിലേക്ക്....

ഗോമ്പറ്റീഷന്‍സിനെക്കുറിച്ച് പ്രത്യേകിച്ച് പറയാനില്ല ..അതൊക്കെ വളരെ ഭംഗിയായി നടന്നു...എന്റെ കാര്യം പറയുന്നില്ല.. വെറുതെ എന്തിനാ.......അതൊന്നും അല്ല കാര്യം

ഏകദേശം ഗോമ്പറ്റീഷന്സ് തീരാറായപ്പോഴാണ് ഞങ്ങളുടെ മലയാളം ടീച്ചര്‍ എന്നെ തിരക്കുന്നുണ്ടെന്ന് ഒരു സ്നേഹിതന്‍ വന്നു പറഞ്ഞത്. ഞാന്‍ സ്റ്റാഫ് റൂമിലേക്ക് കടക്കും മുന്പേ ടീച്ചര്‍ പുറത്തേക്ക് വന്നു.അനുസരണയുള്ള എന്നാല്‍ വന്‍ തിരക്കിലായിരുന്ന ആ അരുമ ശിഷ്യന്‍ ഏതാജ്ഞയും നിറവേറ്റാന് തയ്യാറായി തന്റെ അദ്ധ്യാപികക്ക് മുന്പില്‍ നിന്നു .. വളരെ ആകാംക്ഷയോടെ.. വളരെ ക്ഷമയോടെ.....


തനിക്കേറ്റവും ഇഷ്ടമുള്ള ടീച്ചറാണിത്. ആരേയും ചീത്ത പറയില്ല.. ആരോടും പരിഭവമില്ല..സദാ നിഷ്കളങ്കമായ ഒരു ചെറുപുഞ്ചിരിയോടെ ആയിരിക്കും ടീച്ചര്‍ ക്ലാസ്സ് എടുക്കുക . ശബ്ദമുയര്ത്താത്ത വളരെ പതിഞ്ഞ സംസാരമായിരുന്നു ടീച്ചറുടേത്. അതായത് ടീച്ചറുടെ മുഖം വാടിക്കണ്ടാല്ത്തന്നെ നമുക്ക് വിഷമാണ് .ആയതുകൊണ്ട് പരമാവധി ടീച്ചറെ വിഷമിപ്പിക്കാത്ത രീതിയിലാണ് ഞാന്‍ ക്ലാസ്സില്‍ പെരുമാറിയിരുന്നതും . അങ്ങനെയുള്ള ടീച്ചര്‍ എന്നെ എന്തിനു വിളിപ്പിക്കണം എന്നറിയാതെ നില്ക്കുന്ന എന്നോട് പേട്ടെന്ന് ഒരു ചോദ്യം:

ശ്രീയുടെ വീട് എവിടെയാണ് ? "

ഞാന്‍ വീട് പറഞ്ഞുകൊടുത്തു.

പെട്ടെന്ന് വീണ്ടും ചോദ്യം : "എന്റെ വീട് ശ്രീക്ക് അറിയുമോ?".

"ഇല്ല ടീച്ചര്‍ ഒരു പിടിയുമില്ല"

ടീച്ചര്‍ വീടിരിക്കുന്ന സ്ഥലം പറഞ്ഞു തന്നു : " ഈ സ്ഥലം ശ്രീക്ക് അറിയുമോ?"

" നോ ഐഡിയ .. എനിക്ക് അവിടം ഒരു പരിചയമില്ല..ഞാന്‍ ഇതു വരെ അവിടെ പോയിട്ടില്ല" ഞാനാകെ അങ്കലാപ്പിലായി. എന്തേ ടീച്ചര്‍ ഇങ്ങനെയോക്കെ ചോദിക്കുന്നത്..ഒരു എത്തും പിടിയും കിട്ടുന്നില്ല.പിന്നെയും ടീച്ചര്‍ എന്നെത്തന്നെ , എന്റെ കണ്ണിലേക്ക് നോക്കിക്കൊണ്ട് നില്ക്കുന്നു.ഈശ്വരാ എന്തു പറ്റി? ആവലാതിയോടെ നില്ക്കുമ്പോള്‍ അടുത്ത ചോദ്യം :

"ശ്രീക്ക് ഞാനല്ലാതെ എന്റെ വീട്ടിലുള്ള ആരെങ്കിലും പരിചയമുണ്ടോ?"

"ഇല്ല ടീച്ചര്‍ സത്യം പറഞ്ഞാല്‍ ഞാന്‍ ഇവിടെ പഠിക്കാന്‍ വന്നതിനു ശേഷം ആണ് ടീച്ചറെ കാണുന്നത്" ക്ഷമകെട്ട ഞാന് ചോദിച്ചു:

"എന്തു പറ്റി ടീച്ചര്‍ ഇങ്ങനെയൊക്കെ ചോദിക്കാന്‍ ?"

എന്റെ സകല പ്രതീക്ഷകളും തെറ്റിച്ചു ടീച്ചര്‍ പറഞ്ഞു:

"എന്നാലും ശ്രീജിത്ത് എന്നോടിത് വേണ്ടായിരുന്നു"

കാല്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നതു പോലെ... എനിക്ക് തലകറങ്ങുന്ന പോലെ തോന്നി... ഞാന് തീരെ ചെറുതാകുന്നപോലെ....


ഈശ്വരാ ഈ ടീച്ചറുടെ അടുത്ത് ഞാന് എന്ത് അപരാധം ചെയ്തു?ആലോചിച്ചിട്ട് ഒന്നും പിടികിട്ടുന്നില്ല.ഇടറുന്ന തൊണ്ടയൊടെ ഞാന്‍
ചോദിച്ചു:

"ടീച്ചറോട് ഞാന്‍ എന്തു തെറ്റാണ് ചേയ്തത്?"

"അതോ ശ്രീ എഴുതിയ കഥ ഞാന്‍ വായിച്ചു.. ഞാന്‍ മാത്രമല്ല ..........എല്ലാവരും . എന്തേ അത് മുഴുവനാക്കാഞ്ഞത്?"


ടീച്ചര്‍ വിഷയം മാറ്റുകയാണോ എന്നു ഞാന് സംശയിച്ചു..എന്തായാലും സുരേഷ സാര്‍ വാക്കു തെറ്റിച്ചു.. എന്നാലും ഞാന്‍ പറഞ്ഞു:

" ഇല്ല ടീച്ചര്‍ അത് എന്നെക്കൊണ്ട് നിര്ബന്ധിച്ച് എഴുതിപ്പിച്ചതാണ്..പിന്നെ എനിക്ക് അതിനൊന്നും പറ്റില്ല.. പിന്നെ ചുമ്മാ ഞാന്‍ .....".. എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല.........

"അപ്പോള്‍ അതില്‍ എഴുതിയിരിക്കുന്നതോന്നും സത്യമല്ലേ? "

"അല്ല ടീച്ചര്‍ ചുമ്മാ ഒരു രസത്തിന് കടലാസുപൂക്കള്‍ എന്നു വിഷയം തന്നപ്പോള്‍ അതിനെ ഒരു പെണ്കുട്ടിയോട് ഉപമിച്ചു എഴുതിയെന്നെയുള്ളു. എനിക്കറിയില്ല അത് എങ്ങിനെ ആയിരിക്കുമെന്ന്". ഒരു ചമ്മലോടെ പറഞ്ഞു നിര്ത്തി.


തന്റെ സ്വതസിദ്ധമായ നിഷ്കളങ്കമായ ചെറുപുഞ്ചിരിയോടെ ടീച്ചര്‍ പറഞ്ഞു:
"ശ്രീ അത് എന്റെ കഥയാണ്.അതിലുള്ള കഥാപാത്രങ്ങള്‍ എല്ലാം എന്റെ വീട്ടിലുള്ളവര്‍ തന്നെ .എന്റെ ഭര്ത്താവ്,എന്റെ മകന്‍, മകള്‍ എന്തിനു വേറെ പേരുകള്‍ പോലും തെറ്റിയില്ല... പിന്നെ എന്റെ ഭര്ത്താവ് ഇലക്ട്രിസിറ്റി എഞിനീയര്‍ ആണ്.എന്റെ മകള്‍ പഠിക്കുന്നത് തൊട്ടടുത്ത കോളെജിലും ....ഞാനിവിടെയും.."

ടീച്ചര്‍ പറഞ്ഞു നിര്ത്തി എന്റെ കണ്ണിലേക്കു നോക്കി. ഞാന്‍ അമ്പരന്ന് വാപൊളിച്ച് നില്ക്കുകയാണ്.എന്തു ചെയ്യണം എന്തു പറയണം എന്നറിയാതെ. മനസ്സാ വാചാ കര്മ്മണാ ആര്ക്കും ഒരു ദ്രോഹവും വരുത്താതെ എന്തിനു വേറെ എന്റെ നാട്ടിന്പുറത്തില്ലാത്തതും എന്റെ ബന്ധുക്കളില്‍ പോലും ഇല്ലാത്തതും ആയ ഒരു പേരാണ് ഞാന്‍ നായികക്ക് ഇട്ടത്. അതും ഞാന്‍ വെറുതെ എഴുതുകയാണ് എന്നറിഞ്ഞ് ഒരു വിഷയവും ഇല്ലാതെ ഒരു ലക്ഷ്യമില്ലാതെ എഴുതിയത്... എവിടെയോ ഒരു ലക്ഷ്യത്തില്‍ കൊണ്ടിരിക്കുന്നു എന്ന സത്യം മനസ്സിലാക്കാന്‍ ഞാന്‍ ഒരുപാട് സമയമെടുത്തു. കുറ്റബോധത്തോടെ ഞാന്‍ ടീച്ചറുടെ നേര്ക്ക് കൈകൂപ്പി.എന്നിട്ട് പറഞ്ഞു:

"ടീച്ചര്‍ സത്യമാണ് ഞാന്‍ പറയുന്നത് ... എനിക്കൊന്നും അറിയില്ല"

എന്തോ എന്റെ പരിതാപകരമായ അവസ്ഥ കണ്ട് ടീച്ചര്‍ പറഞ്ഞു :

"സാരല്ല്യ കുട്ടീ ഞാന്‍ വെറുതെ സൂചിപ്പിച്ചെന്നെയുള്ളു .അതു വായിച്ചപ്പോള്‍ പെട്ടെന്ന് ഒരു ഷോക്കായപോലെ.....നീ അത് അറിഞ്ഞുകൊണ്ടാണെന്ന് വിചാരിച്ചുപോയി. പക്ഷേ ഇപ്പോള്‍ എനിക്ക് മനസ്സിലായി അങ്ങനെ അല്ലാ എന്ന്. പിന്നെ ശ്രീ ഒരിക്കലും മനപ്പൂര്‍വ്വം ചെയ്യില്ലല്ലോ".

ഹാവൂ !!! നെറ്റിയിലെ വിയര്പ്പുകണങ്ങള്‍ താഴേക്ക് വീണ് ആത്മഹത്യ ചെയ്യാന്‍ മത്സരിക്കുന്നു.ഞാന്‍ അവരെ ഒരു നിമിഷം കൊണ്ട് കൂട്ടക്കൊല നടത്തി©.

ടീച്ചറുടെ ഈ വിശ്വാസം മതി എനിക്ക് ... വീണ്ടും ടീച്ചര്‍ ഒരു ചെറുപുഞ്ചിരിയോടെ ഓഫീസ് റൂമിലേക്ക് പോകുന്ന വഴി തിരിഞ്ഞു നിന്നു പറഞ്ഞു:

"നന്നായിട്ടുണ്ട് ട്ടോ"

ടീച്ചര്‍ എന്താണാവോ ഉദ്ദേശിച്ചത്? അങ്ങനെ വിചാരിച്ച് തിരിഞ്ഞ് നടക്കുമ്പോള്‍ ആ വഴി വന്ന ചില അദ്ധ്യാപകര്‍ എന്നെ നോക്കി ഇരുത്തിയ ഒരു ചിരി ... ഈശ്വരാ സുരേഷ് സാര്‍ എവിടെ ..ഗുരു നിന്ദ പാപമാണ്.പക്ഷേ എന്തു ചെയ്യാം ... ഞാന്‍ അദ്ദേഹത്തെ പോയി കണ്ടു...

" ന്നാലും സാറെ എന്നോടിത് വേണ്ടിയിരുന്നില്ല.സാറിനെ വിശ്വസിച്ച് ഏല്‍പിച്ചതല്ലേ .എന്നിട്ട് ഓഫീസ് റൂം മുഴുവന്‍ പാട്ടാക്കിയില്ലേ? പാവം ടീച്ചര്‍ പോലും എന്നെ........................................."

"ഹേയ് ഒന്നുമില്ലടാ അത് എല്ലാവര്ക്കും അറിയാം ശ്രീ അങ്ങിനെ ചെയ്യില്ലെന്ന്" . പിന്നെ അവര്‍ക്കെല്ലാം കഥകള്‍ കാണണമെന്നുണ്ടായിരുന്നു അതില്‍ ശ്രീ യുടെ കഥ പെട്ടെന്നേയുള്ളൂ... എന്നാലും ഇത്ര കൃത്യമായി എങ്ങിനെ എഴുതി?".സാര്‍ ചിരിച്ചു കൊണ്ട് പറഞ്ഞു

ഞാനോന്നും പറഞ്ഞില്ല. അന്നത്തെ തിരക്കു പിടിച്ച ഓട്ടപ്പാച്ചിലില്‍ തളര്‍ന്നത് എന്റെ ശരീരത്തേക്കാള്‍ ഏറെ മനസ്സായിരുന്നു ...

അവിടെ നിന്നും ഇറങ്ങുമ്പോള്‍ ഞാന്‍ ചിന്തിക്കുകയായിരുന്നു തന്റേതല്ലാത്ത കാരണത്താല്‍ കഥയെഴുതാന്‍ പോയി .. ഒടുവില്‍ കിട്ടിയതോ?

...

തന്റേതല്ലാത്ത കാരണത്താല്‍ ...(ക്ലാസ്സിഫൈട്സ് അല്ലേ അല്ല )part1  

Posted by Sreejith in

രണ്ടാം വര്‍ഷ പ്രീഡിഗ്രി ക്ക് പഠിച്ചിരുന്ന കാലം . ആദ്യ വര്‍ഷത്തെ പരീക്ഷ കഴിഞ്ഞു എട്ടു നിലയില്‍ പൊട്ടുമെന്നറിയുന്നതിനാല്‍ വല്ലാത്ത നഷ്ടബോധം മനസ്സിനെ കീഴടക്കിയിരുന്നു . എങ്കിലും ഒന്നു തീരുമാനിച്ചു , എന്തെങ്കിലും അവസരം കിട്ടിയാല്‍ അത് പാഴാക്കരുത്. ഒരു പക്ഷെ കോളേജ്‌ ജിവിതം ഇതോടെ തീര്‍ന്നേക്കാം . അതോടെ ക്യാമ്പസ്‌ ലൈഫ്‌ ജീവിതത്തില്‍ ഇനിയും എഴുതാന്‍ കഴിയാത്ത കോളേജ്‌ നോട്ബുക്ക് പോലെ ആയിരിക്കും .... അത് പാടില്ലാ.......

എന്തോ ക്ലാസ്സില്‍ നല്ല വിദ്യാര്ത്ഥി എന്ന പേരു നേടിയെടുക്കാന്‍ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല . കാരണം അത്രയ്ക്ക് വേന്ദ്രന്മാര്‍ വേറെ ഉണ്ടായിരുന്നു . അവരുടെ അടുത്ത് നമ്മള്‍ ഒന്നുമില്ല ഇഷ്ടാ.. ബോയ്സ് ഒണ്‍ലി ആയിരുന്നത് കൊണ്ടു പ്രത്യേകിച്ച് ഒരു പുതുമകള്‍ ഒന്നും ഉണ്ടായിരുന്നില്ല . പിന്നെ ഷൈന്‍ ചെയ്യണമെങ്കില്‍ സ്വന്തമായി നമ്പരുകള്‍ ഇറക്കണം .അല്ലെങ്കില്‍ ചുമ്മാ ഒരുമൂലക്ക് ഇരിക്കേണ്ടി വരുന്ന അവസ്ഥ. വല്ലാത്ത ദുരവസ്ഥ അത് . പഠിക്കുന്ന എല്ലാവരുടെയും ഇടയില്‍ അറിയപ്പെടാന്‍ സഹായിച്ചത് ഒരു ബസ്സ്‌ സമരം തന്നെ . അന്ന് അന്നാട്ടിലെ കോളേജ്‌ സ്കൂള്‍ കുട്ടികള്‍ വരെ മൊത്തം കൈകോര്‍ക്കുന്ന കാലം . സമരത്തിന്‌ മുന്‍പില്‍ നില്‍ക്കുകയും നില്‍ക്കുകയും പോലീസ് വരുമ്പോള്‍ ആള്‍ക്കൂട്ടത്തില്‍ ഒളിക്കുകയും ചെയ്യുന്ന സേഫ് സൈഡ്‌ സമര മുറ ആയിരുന്നു അവലംബിച്ചിരുന്നത്‌. തടി കേടാകാതിരിക്കണമല്ലോ ? . എന്നാല്‍ മുന്നില്‍ നിന്നു മുദ്രാവാക്യം വിളിച്ച് അതെല്ലാവരും ഏറ്റുവിളിച്ച് ഒരു ഹിറ്റ്‌ പടത്തിന്റെ പ്രതീതി ഉണ്ടാകുമ്പോഴാണ് ഏമാന്മാര് വരുന്നതും എല്ലാവരെയും അറസ്റ്റ്‌ ചെയ്യുന്നതും . എന്നാല്‍ ഇതൊന്നും അറിയാതെ മുദ്രാവാക്യ വിളിയില്‍ മതിമറന്നു പോയ എന്നെ തട്ടിയുണര്ത്തിയത് ഏമാന്മാര്‍ തന്നെ .
"മതിയെടാ എല്ലാവരെയും അറസ്റ്റ്‌ ചെയ്തു നീയും പോന്നെക്ക്."
പെട്ടെന്നാണ് കണ്ണ് തുറന്നു നോക്കിയത് . അന്ന് പറ്റിയ അമിളി എന്തായാലും കോളേജ്‌ മുഴുവന്‍ അറിയാനും അതുവഴി സഹപഠിയന്മാരും ചേട്ടന്‍ പഠിയന്മാരും ആയി കമ്പനിയാകാനും സാധിച്ചു . മാത്രമല്ല നല്ല കൂട്ടുകള്‍ കിട്ടാനും അത് പിന്നീട് സഹായിച്ചു .

അങ്ങിനെ ശത്രുക്കളൊന്നും ഇല്ലാതെ എല്ലാവരുടെയും ഇടയില്‍ സര്‍വ്വസമ്മതനാകാനും അതു വഴി പ്രിന്‍സിപ്പളിന്റെയും സഹ അദ്ധ്യാപകരുടെയും ശ്രദ്ധ പിടിച്ചു പറ്റാനും സാധിച്ചു. പിന്നെ അദ്ധ്യാപകരുമായി കമ്പനി യാകാന്‍ ഞാന്‍ നേര്‍വഴി തിരഞ്ഞെടുത്തു .വേറൊന്നുമല്ല , പഠിക്കാനുള്ളതു ശരിയായി പഠിച്ചു വരിക. അങ്ങനെ സമസ്ത മേഖലയിലും കൈ വച്ചു നടക്കുന്ന കാലത്താണ് ആ സംരംഭം അരങ്ങേറിയതു .

കോളേജ് ഡെ. പ്രിന്‍സിപ്പളിന്റെ അറിയിപ്പു കിട്ടിയതു മുതല്‍ ഒരു ഗോമ്പറ്റീഷനെങ്കിലും പങ്കെടുക്കണമെന്നും അതില്‍ സ്റ്റേജ് പെര്‍ഫോമന്‍സ് നടത്തണമെന്നും അതിയായ ആഗ്രഹം ഉണ്ടായി . കോളേജ് ഡെക്ക് ഒരാഴ്ച് മുന്‍പ് ഗോമ്പറ്റീഷന്‍ ഉണ്ടാകുമെന്നും അതില്‍ സെലെക്റ്റ് ചെയ്യുന്ന ഐറ്റെംസ് എല്ലാം കോളേജ് ഡെക്ക് അവതരിപ്പിക്കാമെന്നുള്ള വാഗ്ദാനം ഗോമ്പറ്റീഷനെ അതിന്റെ ഉച്ചസ്ഥായിലെത്തിക്കാന്‍ സംഘാടകരായ അദ്ധ്യാപകര്‍ക്ക് സാധിച്ചു . സംഘാടകര്‍ എന്നു പറഞ്ഞാല്‍ ഓണ്‍ ലി അദ്ധ്യാപകര്‍ .. ഒരൊറ്റ വിദ്യാര്‍ത്ഥികുഞ്ഞുങ്ങളെ പ്പൊലും അവര്‍ അടുപ്പിച്ചില്ല. അത്രക്കു വിശ്വാസമുണ്ടായിരുന്നു അവരുടെ ശിഷ്യരില്‍ .
ഈ സമയത്താണ് നമ്മുടെ .extra curricular activities നെ ..പ്പറ്റി.. ചിന്തിക്കുന്നതു തന്നെ. ഹോ! എനിക്കറിയില്ല , ..... എനിക്കൊന്നുമറിയില്ല ...... എന്താ ചെയ്യണമെന്ന്‍. കൂട്ടുകാര്‍ ഓരൊരുത്തരും തങ്ങളുടെ മേഖലകള്‍ കണ്ടെത്തിക്കഴിഞ്ഞിരുന്നു .ഞാന്‍ ശരിക്കും ഒറ്റപ്പെട്ടു. എന്റെ കഴിവില്ലായ്മയില്‍ ഞാന്‍ ..... അല്ല എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നിയ നിമിഷങ്ങള്‍... ആ ഭ്രാന്തന്‍ നിമിഷങ്ങളെ ഞാന്‍ കണ്ണാടിയില്‍ നോക്കി എത്ര തവണ ചീത്ത പറഞ്ഞു എന്നെനിക്കറിയില്ല.ആ സമയത്താണ് ശവത്തില്‍ കുത്തിയ പോലെ ചില അടുത്ത സ്നേഹിതന്മാര്‍ ചോദിച്ചത്.
" എന്താ ശ്രീ നീ എത്രയെണ്ണത്തില്‍ മത്സരിക്കുന്നുണ്ട്?
ദേ ഇവിടെ ലവന്മാര്‍ മൂന്നും നാലും ഐറ്റെംസ് എടുക്കുന്നുണ്ട് , എന്താ നിന്റെ പ്ലാന്‍ ?"
പിന്നാലെ ടീച്ചേര്‍സും കൂടിയായപ്പോള്‍ എനിക്കീ ലോകം മുഴുവന്‍ കത്തിച്ചു ചാമ്പലാക്കാന്‍ ഉള്ള അരിശം വന്നു. ആശ്വാസമായി രാജന്‍ സാര്‍ എന്നെ സമീപിച്ചതു. (മാത് സിന്റെ ഉസ്താദ് . കഴിഞ്ഞ വര്‍ഷത്തെ സിലബസ്സ് രണ്ടാം വര്‍ഷം എടുക്കാമെന്ന്‍ വാഗ്ദാനം ചെയ്യുകയും ആദ്യവര്‍ഷം .. ആയി എഴുതിയാല്‍ മതിയെന്നും ,അതില്‍ പേടിക്കാനില്ലെന്നും പറഞ്ഞ ആദ്യത്തെ ഗുരു.. നമിക്കുന്നു അദ്ദേഹത്തെ കാരണം അദ്ദേഹം വാക്കു പാലിച്ചു . രണ്ടാം
വര്‍ഷം പരീക്ഷക്ക് മൂന്നു ആഴ്ച മുന്‍പാണ് അദ്ദേഹത്തിനു വെളിപാട് ഉണ്ടായതും 10/80 എന്ന ആവശ്യക്കാര്‍ക്ക് മാത്രം എടുത്ത് എനെര്‍ജി സേവ് ചെയ്തതും , അതില്‍ 5/10 എന്ന 50% വിജയം കൊയ്തെടുക്കാന്‍ സാധിച്ചതുമായുള്ള വ്യക്തി. അദ്ദേഹത്തിന്റെ അറിവിനുമുന്‍പില്‍ പ്രണാമം )

"ശ്രീ നീ ഒന്നിനുമില്ലേ?"
ഞാന്‍ വിഷമത്തോടെ പറഞ്ഞു : " ഇല്ല സാര്‍ എനിക്ക് ഒരു ഐഡിയയുമില്ല പിന്നെ എന്തു ചെയ്യാനാണ്."
"ഓകെ എങ്കില്‍ നീയൊരു കാര്യം ചെയ്യ് എന്നെ ഒന്ന്‍ സഹായിക്ക് " എന്നു പറഞ്ഞ് മത്സരങ്ങളുടെ ചാര്‍ട്ട് എനിക്കു തന്നു.
"നീ എല്ലാ ക്ലാസ്സിലും പോയി ആരൊക്കെ എന്തൊക്കെ മത്സത്തിനു ഉണ്ടെന്ന്‍ എഴുതിയെടുത്തു എനിക്ക് തരണം. പരമാവധി കുട്ടികളെ ചേര്‍ക്കണം നമുക്കിത് ആഘോഷമാക്കണം പിന്നെ നിന്നെ വിശ്വാസമുള്ളതുകൊണ്ടാണ് ഇതേല്‍പ്പിക്കുന്നത്. കുളമാക്കരുതു"
"ഇല്ല സാര്‍ ഞാന്‍ ചെയ്യാം " എന്നിലെ അനുസരണയുള്ള ശിഷ്യന്‍ സടകുടഞ്ഞെഴുന്നേറ്റു.
ഹാവൂ! ആശ്വാസമായി അഭിനവ ആര്‍ട്സ് കോര്‍ഡിനേറ്റര്‍ അഭിമാനത്തോടെ ഗൗരവത്തോടെ എന്താ പറയുക ആഹ്ലാദഭരിതനായി.. കാരണം ഇനി എല്ലാ അവന്മാരും എന്റെ അടുത്തു വന്നു വേണം രജിസ്ടര്‍ ചെയ്യാന്‍ .ഇനി എനിക്ക് യഥേഷ്ടം എല്ലാ ക്ലാസ്സിലും കയറിയിറങ്ങാം.. എല്ലാ അദ്ധ്യാപകരേയും നേരിട്ട് പോയി
പരിചയപ്പെടാം അങ്ങിനെ എന്തെല്ലാം ....

തുടക്കം എന്റെ ക്ലാസ്സില്‍ നിന്നു തന്നെ . വല്ലാത്ത പ്രതികരണമാണു എനിക്കു കിട്ടിയതു .. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് പ്രതീക്ഷിക്കാത്ത പലരും പല ഐറ്റത്തിനും പേര് കൊടുക്കാന്‍ വന്നു. ഞാന്‍ ഞെട്ടിപ്പോയി. പ്രഛന്നവേഷം ,ഗ്രൂപ്പ് ഡാന്‍സ് , ലളിതഗാനം,സമൂഹഗാനം, നാടോടിനൃത്തം, എന്നു വേണ്ട സകലതിനും പലരും പേരു തന്നു. ഞാന്‍ വീണ്ടും ഒറ്റപ്പെടുന്നപോലെ ..........
ലിസ്റ്റുമായി പുറത്തേക്ക് ഇറങ്ങിയ ഞാന്‍ ഒട്ടും അമാന്തിച്ചില്ല ഒന്നുകൂടെ കണ്ണോടിച്ച് ... ,ഗ്രൂപ്പ് ഡാന്‍സ് ,ലളിതഗാനം,സമൂഹഗാനം,കവിതാ പാരായണം, ടാബ്ലോ, എന്നിവയില്‍ എന്റെ പേരും കുറിച്ചിട്ടു ..പിന്നീട് അങ്ങോട്ട് എല്ലാ ക്ലാസ്സിലും കയറിയിറങ്ങി കുറെ പേരുകള്‍ ഒപ്പിച്ചു.
അതുമായി രാജന്‍ സാറിന്റെ അടുത്തേക്ക്.. സാര്‍ ലിസ്റ്റു നോക്കി ... എന്നിട്ട് എന്നെയും .....പിന്നെ ചോദിച്ചു "ഉം എന്താ നീയും ?"............ ബാക്കി എനിക്കു മനസ്സിലായപോലെ തലയാട്ടി..... "ഉം"

പിന്നീടുള്ള ദിവസങ്ങള്‍ എനിക്ക് മരുഭൂമിയിലെ വഴിതെറ്റിയ സഞ്ചാരിയുടെ പോലെ ആയിരുന്നു . പിന്നെ സാറായിട്ട് ചോദ്യം :
എന്താ പ്രാക്റ്റീസ്സില്ലെ?"

ഞാന്‍ തട്ടി വിട്ടു " ഓ പിന്നെ നന്നായി നടക്കുന്നു സാര്‍" ഉള്ള്‍ കിടിലോല്‍ക്കിടിലം ആയി മിടിക്കുന്നുണ്ടായിരുന്നു.

അപ്പോഴാണ് നോബിയെ കണ്ടുമുട്ടുന്നത് (എന്റെ സ്കൂള്‍ ചങ്ങാതി...ഞങ്ങളൊരുമിച്ചു കലാപരപാടികള്‍ നടത്തിയിരുന്നു, അളിയന്‍ ക്രൈസ്റ്റില്‍ കോളേജിലാണ്.) അവനോട് കാര്യം പറഞ്ഞു:
" മാനം പോകുന്ന സംഗതിയാണ് എന്തെങ്കിലും ചെയ്തേ പറ്റൂ."
അവന്‍ പറഞ്ഞു: നീ ഒന്നു കൊണ്ടും പേടിക്കണ്ട. ഞങ്ങള്‍ ഡി സോണ്‍ ഫെസ്റ്റിനു അവതരിപ്പിച്ച് പ്രൈസ് കിട്ടിയ മൈം ഉണ്ട് . ഞാന്‍ ഡയറക്ട് ചെയ്യാം .നീ അതിന് പേരു കൊടുത്തോളൂ."
ഹാവൂ ! സമാധാനമായി ഏതെങ്കിലും ഒന്ന്‍ അവതരിപ്പിക്കാമല്ലോ. പിന്നെ അടുത്ത ദിവസം രണ്ടുമൂന്നു ആള്‍ക്കാരെ തല്ലിക്കൂട്ടി . മൊത്തം ഏഴുപേരെ കിട്ടി.ഞങ്ങള്‍ പ്രാക്റ്റീസ് തുടങ്ങി.

വളരെ രസകരമായി പ്രാക്റ്റീസ് ചെയ്യുമ്പോളാണ് വീണ്ടും ഇടിത്തീ വീഴുന്നപോലെ രാജന്‍ സാര്‍ ചോദിച്ചത് :
"നീ പങ്കെടുക്കുന്ന ഐറ്റെംസിന്റെ ഡീറ്റെയില്‍സ് തരണം "
ഞാന്‍ സമ്മതിച്ചു. അങ്ങനെ പലരുടെയും സഹായത്തോടെ , കവിത -കോതമ്പുമണികള്‍ (.directed by cassette) ലളിതഗാനം ( directed by shiji teacher ) സമൂഹഗാനം (directed by shiji teacher& sabu)പിന്നെ
ടാബ്ലോ (directed by മറ്റൊരുവന്‍ ) മൈം (directed by noby ) എല്ലാറ്റിനുമുപരി രാജന്‍ സാര്‍ ഞങ്ങളുടെ എതിര്‍ ടീമിലെ ഗ്രൂപ്പ് ഡാന്‍സിന് സപ്പോര്‍ട്ട് ചെയ്യാനായും പേര്‍ കൊടുത്തു.എല്ലാം കഴിഞ്ഞ് പിന്തിരിയുമ്പോള്‍ വീണ്ടും സാബു വഴി തടഞ്ഞു നില്‍ക്കുന്നു
എന്തെടാ ?ഞാന്‍ ചോദിച്ചു:
"അളിയാ ഒരു നാടോടി നൃത്തം ഉണ്ട് അതിന് പിന്നണി പാടണം " അവന്‍ പറഞ്ഞു:

" താളവും ശ്രുതിയും ഈണവും ഇതിലൊന്നും നിനക്കു നിര്‍ബദ്ധമില്ലെങ്കില്‍ ഞാന്‍ ഏറ്റെടുക്കാം " എന്തോ അവനെന്നെ വിശ്വസിച്ചു അവന്‍ സമ്മതിച്ചു. ഞാന്‍ അങ്ങനെ ബിസിയായി.. ഇടക്ക് ഞാന്‍ എന്നോട് തന്നെ ചോദിക്കാതിരുന്നില്ല

" അല്ലാ നീ ഇത് എങ്ങോട്ടാ ഗഡീ ?"

പരിശീലനം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയിരിക്കുന്നു.ഞാന്‍ ഒന്നില്‍ നിന്ന്‍ മറ്റോന്നിലേക്ക് എന്നപടി മാറി മാറി പരിശീലനമാണ്. ഒരു ടീമില്‍ നിന്നും മറ്റോന്നിലേക്ക് .. അതിനിടക്ക് എന്റെ ലളിതഗാനം കേട്ട ഗിരിജ ടീച്ചര്‍ ഓഫീസ് റൂമില്‍ കൊണ്ടുപോയി ഒരു മണിക്കൂര്‍ നേരം എന്നെക്കൊണ്ട് പാടിക്കാന്‍ നോക്കി. ടീച്ചര്‍ ശ്രുതിയില്‍ പാടുമ്പോള്‍ എന്റെ മനസ്സ് എന്നെ കാത്തിരിക്കുന്ന മൈം ടീമിന്റെ അടുത്തായിരുന്നു. ഒടുവില്‍ ടീച്ചറോട് എനിക്ക് പാടാനുള്ള കഴിവില്ല എന്നും ഉള്ളതു വച്ചു ഞാന്‍ തന്നെ എങ്ങിനെയെങ്കിലും പഠിച്ച് നാളെ ത്തന്നെ
പാടിക്കേള്‍പ്പിക്കാം എന്നു പറഞ്ഞ് രക്ഷപ്പെട്ട് പുറത്തേക്ക്. ആ പോണ പോക്കില്‍ സുരേഷ് സാര്‍ പിടിച്ചു നിര്‍ത്തി.
"ശ്രീ നീ കുറെ ഐറ്റെംസിലുണ്ട് അല്ലെ?"
അഭിമാനത്തോടെ ഞാന്‍ പറഞ്ഞു: "അതെ"
"എങ്കില്‍ നീ ഒരു കാര്യം ചെയ്യണം കഥാരചനക്ക് ആളെ കിട്ടിയില്ല . നിന്റെ പേര്‍ കൊടുത്താല്‍ ചിലപ്പോള്‍ കൂടുതല്‍ പേര്‍ വരും. അതുകൊണ്ട് നിന്റെ പേര് കഥാരചനക്ക് ചേര്‍ക്കുന്നുണ്ട് " എന്നു പറഞ്ഞു എന്റെ സമ്മതം പോലും ചോദിക്കാതെ അദ്ദേഹം കടന്നു പോയി.. ഞാന്‍ വാ പൊളിച്ചു നില്‍ക്കുകയാണ് .. കഥയോ ... ഈശ്വരാ..

" നീ പോയില്ലെ?" ഗിരിജ ടീച്ചര്‍ ചോദിച്ചു:
ഞാന്‍ തലയാട്ടി ക്കൊണ്ട് ഒരു സ്വപ്നാടകനെപ്പോലെ മന്ദം മന്ദം നടന്നു നീങ്ങി. ഉള്ളില്‍ അറിയാതെ ഒരു കഥാകൃത്ത് ജനിക്കുന്നുണ്ടോ എന്നു പോലും ഞാന്‍ പരതി. ആ പരതിലില്‍ നിന്നാണ് ഞാന്‍ മറ്റൊരു ഞെട്ടിക്കുന്ന സത്യം ഓര്‍മ്മിച്ചത്...ഗോമ്പറ്റീഷന്‍ നാളെ കഴിഞ്ഞിട്ടാണല്ലോ ദൈവമേ...........

ആ ദിവസം ഞങ്ങള്‍ക്കൊക്കെ ഒരു ഉത്സവം പോലെ ആയിരുന്നു ആറെഴ് ഐറ്റത്തില്‍ പങ്കേടുക്കുന്നവനും രാജന്‍ സാറിന്റെ വലം കയ്യുമായ എന്റെ അവസ്ഥ നിങ്ങള്‍ക്ക് ഊഹിക്കാ​‍മല്ലോ? .അത്രക്ക് തിരക്കിലായിരുന്നു ഞാന്‍ ..പലതിനും മെയ്ക്കപ്പ് ഇടണം , അത് മായ്ചു കളയണം ..അടുത്ത മത്സരത്തിനു ഇറങ്ങണം. പിന്നേയും മായ്ചു കളയല്‍.. അതിനിടക്ക് സാബുവിനു പിന്നണി. കവിതാ പാരായണം ...പരിപാടികള്‍ മുറുകിക്കൊണ്ടിരിക്കുന്നു . ആരും ആരെയും ശ്രദ്ധിക്കുന്നില്ല..എല്ലാവരും തിരക്കിലാണ്.. ഇതിനിടക്ക് മൈം ടീമുകാര്‍ വന്നു.അതില്‍ നോബി
ഡയറക്ട് ചെയ്യുന്നതുകൊണ്ട് പ്രധാന കഥപാത്രം ഞാന്‍ തന്നെ.നോബി ഓടി വന്നു (എനിക്ക് വേണ്ടി ക്ലാസ്സ് കട്ട് ചെയ്ത് വന്നതാണവന്‍)
" നീ പിയാനോ കൊണ്ടുവരാമെന്ന്‍ പറഞ്ഞിട്ട് എവിടെ? അതിനു വേണ്ടി ഞാന്‍ ഒരാളെ കൊണ്ടുവന്നിട്ടുണ്ട് " അവന്‍ ചോദിച്ചു:
"ഒരു മിനുട്ട് ഗിരിജ ടീച്ചര്‍ ഏറ്റതാണ്. ഞാനിപ്പോള്‍ വാങ്ങി കൊണ്ടുവരാം " എന്നു പറഞ്ഞു ഞാന്‍ ടീച്ചറുടെ അടുത്തേക്കോടിപ്പോയി.
ഓഫീസില്‍ ടീച്ചര്‍ ഇരിക്കുന്നുണ്ട് ഭാഗ്യം ! ഇതിനിടക്ക് സുരേഷ് സാറുണ്ടോ എന്നു എത്തി നോക്കി ഹാവൂ രക്ഷപ്പെട്ടു ! ഇല്ല. കഥാരചനയില്‍ നിന്നു പതുക്കെ മുങ്ങാം എന്ന പ്ലാനേ എനിക്കുണ്ടായിരുന്നുള്ളു. അപ്പോഴാണ് ടീച്ചര്‍ ഒരു കൈപ്പത്തി വലിപ്പത്തിലുള്ള കളിപ്പാട്ടം കൊണ്ടുവരുന്നത്. ഇതു കണ്ട് എനിക്ക് ഈ ലോകം മുഴുവന്‍ ചുറ്റിക്കറങ്ങുന്നപോലെ തോന്നി.പുറത്തിറങ്ങിയാല്‍ കേള്‍ക്കാവുന്ന തെറികളെ പ്പറ്റി ചിന്തിച്ചപ്പോള്‍ എനിക്ക് ഇനി ചത്താല്‍ മതി എന്നായി . ആകെ ഷൈന്‍ ചെയ്യാവുന്ന നമ്പറാണ് ഇല്ലാതാകുന്നത്. നവരസങ്ങള്‍ മിന്നിമായുന്ന മുഖവുമായി തൂണുംചാരി നില്‍ക്കുന്ന എന്റെ അടുത്തേക്ക് ടീച്ചര്‍ വന്നു പറഞ്ഞു
" ഇതാ ഇതില്‍ ബാറ്ററി ഇട്ടാല്‍ മതി "
വളരെ നിഷ്കളങ്കമായ മുഖത്തോടെ ആത്മാര്‍ത്ഥമായി തന്റെ ശിഷ്യനെ സഹായിച്ച് അതില്‍ ചരിതാര്‍ത്ഥ്യമടഞ്ഞ ഭാവത്തോടെ നില്‍ക്കുന്ന ടീച്ചറെ നോക്കി ഞാന്‍ മൊഴിഞ്ഞു... ഇടറിയ തൊണ്ടയോടെ .....
"ഇതിലും വലുത് ഇല്ലേ ടീച്ചറെ "
"ഇല്ലടാ ഇതാണ് വലുതായി ഉള്ളത്" ഞാന്‍ തലയാട്ടി എന്നിട്ട് പതുക്കെ നടന്നു പുറത്തേക്ക്.... അവിടെ മിനിമം രണ്ടടി വലിപ്പത്തിലുള്ള പിയാനോ പ്രതീക്ഷിച്ചവര്‍ക്ക് മുന്‍പില്‍ അരടിപോലുമില്ലാത്തത് കൊടുക്കുമ്പോള്‍ എന്റെ മുഖത്ത് അപമാനഭാരം ഉണ്ടാകരുതെന്ന്‍ പ്രാര്‍ത്ഥിച്ചു പോയി. അവര്‍ എന്തെങ്കിലും പറയുന്നതിനേ മുന്‍പ് ഞാന്‍ നോബിയെ വിളിച്ചു പറഞ്ഞു:
" അളിയാ ഒരബദ്ധം പറ്റിയതാണ് .. നീ എങ്ങനെയെങ്കിലും മാനം രക്ഷിക്കണം.. ഒരെണ്ണം എവിടെയെങ്കിലും പോയി തപ്പിക്കൊണ്ടുവായൊ" എന്തോ അവന്റെ മനമലിഞ്ഞു " ശരി ഞാന്‍ നോക്കട്ടെ എന്നു പറഞ്ഞ് പുറത്തേക്ക്..

ആ ഭാ​‍രം തല്‍ക്കാലത്തേക്ക് ഒഴിഞ്ഞുവല്ലോ എന്നാശ്വസിക്കുമ്പോഴാണ് സുരേഷ് സാര്‍ മുന്നില്‍ വന്നു നില്‍ക്കുന്നത്. ഞാന്‍ ഒരു ചമ്മിയ ചിരി പാസ്സാക്കി സാറെ കുറച്ച് തിരക്കുണ്ടെന്ന്‍ പറഞ്ഞ് ഊരിപ്പോകാന്‍ നോക്കി. സാര്‍ പറഞ്ഞു:
"ശ്രീ നിന്നെ ഞാന്‍ തിരഞ്ഞു നടക്കായിരുന്നു .നീ വന്നാലെ അവരെല്ലാം ഇരിക്കൂ എന്നു.അതുകൊണ്ട് നീ വന്നേ പറ്റൂ.ചുമ്മ ഇരുന്നാല്‍ മതി"
ഞാന്‍ സാറിന്റെ കാലുപിടിച്ചു .
"ഇപ്പോള്‍ മെയ്ക്കപ്പ് തുടങ്ങേണ്ടതാണ്.ഞാന്‍ അങ്ങോട്ട് പോകുകയായിരുന്നു.പ്ലീസ് എന്നെ ഇതില്‍ നിന്നും ഒഴിവാക്കണം."
"വേണ്ടാ നീ ഇതില്‍ പങ്കെടുത്തിട്ട് വന്നോളൂ എന്നിട്ട് പോയാല്‍ മതി" ഒടുവില്‍ സ്നേഹപൂര്‍വ്വമായ അദ്ധ്യാപകന്റെ നിര്‍ബദ്ധത്തിനു വഴങ്ങി, മനസ്സില്ലാ മനസ്സോടെ, മനസ്സില്‍ ഒട്ടും താത്പര്യമില്ലാതെ, മെയ്ക്കപ്പ് ഇടേണ്ട കൂട്ടുകാരുടെ പിന്‍ വിളിക്ക് കാത്തു നില്‍ക്കാതെ പതിയെ സാറിന്റെ കൂടെ നടന്നു.മുന്നില്‍ ചാടി എന്നെ തടയാന്‍ വന്ന സുഹൃത്തിനോട് ഒരു അഞ്ചുനിമിഷം മാത്രം ചുമ്മാ ഇരുന്ന്‍ പെട്ടെന്ന്‍ വരാം എന്നു സ്വകാര്യം
പറഞ്ഞ് ഹാളിലേക്ക് കയറി.അവിടെ ഇരിക്കുന്ന സകല അവന്മാരേയും നോക്കി ആംഗ്യത്തില്‍ എന്തുവാടേയ് മനുഷ്യനെ ജീവിക്കാന്‍ അനുവദിക്കില്ലേ എന്നര്‍ത്ഥത്തില്‍ ഇരുത്തി നോക്കിയിട്ട് എന്റെ സീറ്റില്‍ പോയിരുന്നു ..

എല്ലാവര്‍ക്കും എഴുതാന്‍ കടലാസ് കൊടുത്ത ശേഷം സാര്‍ ഒരു ടൈറ്റില്‍ പറഞ്ഞു " കടലാസുപൂക്കള്‍ " ആരുടെയോ കയ്യില്‍ പൂമാലകിട്ടിയപോലെ ഞാന്‍ ബോര്‍ഡില്‍ എഴുതിയ തലക്കെട്ട് വായിച്ചിരിക്കുമ്പോളാണ് പിന്നില്‍ നിന്നും അതായത് വാതില്‍ക്കലില്‍ നിന്നും ഒരു ഞൊട്ടല്‍.. പിന്നേയും എന്റെ കൂട്ടുകാര്‍ ആംഗ്യം കാണിക്കുന്നു.
"വരാന്‍ ... വരാനല്ലേ പറഞ്ഞത്"
ഞാന്‍ അവരെ നോക്കി ഒരു മിനുറ്റ് എന്നു പറഞ്ഞ് സാറിനെ നോക്കി ചോദിച്ചു
" സാര്‍ ഇനി ഞാന്‍ പൊയ്ക്കൊട്ടെ ? "
അദ്ദേഹം തന്ന മറുപടി എന്നെ ഞെട്ടിച്ചു കളഞ്ഞു:
"എന്തായാലും വന്നതല്ലേ എന്തെങ്കിലും എഴുതി തുടങ്ങണം .പിന്നെ ഇപ്പോള്‍ എണീറ്റാല്‍ ബാക്കിയുള്ളവരും എണീറ്റു പോകും അതുകൊണ്ട് ചുമ്മാ എന്തെങ്കിലും എഴുത്. "
ഞാന്‍ ധര്‍മ്മ സങ്കടത്തോടെ പുറത്തുള്ള കൂട്ടുകാരെ നോക്കി പിന്നെ സാറിനെയും എന്നിട്ട് എന്റെ പേപ്പറില്‍ എഴുതി വച്ചു
"കടലാസ് പൂക്കള്‍ "



(തുടരണോ ?)