അനശ്വര സ്മരണകള്‍ - 1 ഇവിടെ നിന്നും വായിക്കാം
നവീന് ഇഷ്ടപ്പെട്ട ഒരു ഫോട്ടോ
പിന്നീട് പലപ്പോഴും ‘ പൊട്ടക്കലം ‘ തുറന്നു കവിതകൾ വായിക്കുവാൻ തുടങ്ങി . ആസ്വാദനം പരിമിതികൾക്കുള്ളിലായതിനാൽ ചില കവിതകൾ ഉൾക്കൊള്ളാൻ വിഷമം തോന്നിയിരുന്നു . ഒരിക്കൽ ഫോൺ ചെയ്ത സമയത്ത് ഞാൻ സൂചിപ്പിച്ചു. “ എന്താ നവീൻ കടിച്ചാൽ പൊട്ടാത്ത വാക്കുകൾകൊണ്ടാണല്ലോ കളികൾ “ . അപ്പോഴും ഒരു നിസ്സാര ചിരി മാത്രമായിരുന്നു മറുപടി . പതിവു വിശേഷങ്ങൾ ചോദിച്ചു കഴിഞ്ഞാൽ പിന്നെ കുറച്ച് കവിതാ നിരൂപണവും അതിലെ കാൽപ്പനികതയേയും കുറിച്ചായിരിക്കും സംസാരം . സാഹിത്യത്തിൽ ഇത്രയും ആവേശമുള്ള ഒരാളെ ഞാൻ ആദ്യമായിരിക്കും കണ്ടുമുട്ടുന്നത് എന്നു തോന്നിപ്പോയി. റൈജുവേട്ടൻ പറയാറുണ്ട് “ നവീൻ വളരെ ശാന്തനാണ് . ചിലപ്പോൾ ഇരുന്നു വായിക്കുന്നത് കാണാം . മറ്റു ചിലപ്പോൾ കവിതകൾ ചൊല്ലുന്നുണ്ടാകും , ചില നേരങ്ങളിൽ വലിയ ചിന്തയിലായിരിക്കും എന്നാൽ അതിനൊടുവിൽ ഒരു കവിത പ്രതീക്ഷിക്കാം . “
ഓർക്കൂട്ടിലെ സൌഹൃദനിരയിലേക്ക് കടന്നു വന്നപ്പോൾ എന്തുകൊണ്ട് സ്വന്തം ചിത്രങ്ങൾ ഇടുന്നില്ല എന്ന ചോദ്യത്തിന് . താത്പര്യമില്ല എന്ന ഒറ്റ വാക്കിലെ മറുപടി മാത്രമേ കിട്ടിയുള്ളു. റൈജുവേട്ടനും പറയാറുണ്ട് “ അവന്റെ ഒരു ഫോട്ടോ കാണണമെൻകിൽ ഇത്തിരി ബുദ്ധിമുട്ടും .ഓർക്കൂട്ടിൽ മാത്രമല്ല പല മഗസിനുകളിലും ഓൺ ലൈൻ പുബ്ലിഷിങ് സൈറ്റുകളിലും പോലും ഫോട്ടോ കൊടുക്കാൻ തയ്യാറല്ല എന്നിട്ടല്ലേ“
ഇടക്കെപ്പോഴോ ചാറ്റ് ലിസ്റ്റിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ഒരു ചെറിയ സൌഹൃദന്വേഷണം പിന്നെ പുഴ മാഗസിനിൽ പ്രസിദ്ധീകരിച്ച് ഒരു കഥയുടെ ലിൻക് അയച്ചു തന്നു . മുന്പ് പ്രസിദ്ധീകരിച്ചതാണ് , വായിച്ചിട്ട് അഭിപ്രായം അറിയിക്കണം “ എന്നു പറഞ്ഞു . ഞാൻ ഉറപ്പായും നോക്കമെന്നു പറഞ്ഞു. പിന്നീട് റൂമിലേക്ക് വരാൻ ക്ഷണിക്കുകയും ചെയ്തു . എന്നാൽ പലവിധ കാരണങ്ങളാൽ ആ സന്ദർശ്ശനം അങ്ങിനെ നീണ്ടു പോയി …
ഇടക്ക് ഫോണിലൂടെ സൌഹൃദം പുതിക്കിക്കൊണ്ടിരുന്നു. റൈജുവേട്ടനുമായി സംസാരിക്കുമ്പോഴും നവീന്റെ വിശേഷങ്ങൾ അറിഞ്ഞുകൊണ്ടിരുന്നു. ‘മാൻഹോൾ‘ പ്രസിദ്ധീകരിച്ചപ്പോൾ പതിവുപോലെ ഒന്നും മനസ്സിലാക്കാതെ വായിച്ചു . ഇനി എന്തായാലും ഇതു ചോദിക്കണം മനസ്സിൽ ഉറപ്പിച്ചു.
ഒരു ദിവസം ചാറ്റ് ലിസ്റ്റിൽ പ്രത്യക്ഷപ്പെട്ടപ്പോൾ (കൃത്യമായിപ്പറഞ്ഞാൽ 2009 സെപ്തംബർ 15 ന് രാത്രി 8.50 ന് ) പതിവുപോലെ സംസാരങ്ങൾക്കിടയിൽ എന്റെ പുതിയ പരീക്ഷണത്തെ ക്കുറിച്ച് അദ്ദേഹത്തോട് ചോദിച്ചു. “ ഉം കവിതയല്ലേ നന്നായിട്ടുണ്ട് മണ്ണ് എന്ന വിഷയത്തെക്കുറിച്ച് കുറെ ചിന്തിക്കാനുണ്ട് .” എന്നായിരുന്നു നവീന്റെ മറുപടി . എന്റെ ജാള്യത മനസ്സിലാക്കിയ നവീൻ ഇങ്ങനെ പറഞ്ഞു “ അവിടെ ഷൈജു കോട്ടാത്തല കമന്റിൽ പറഞ്ഞപോലെ താനെഴുതടോ , എഴുതി എഴുതി താനെ തെളിഞ്ഞോളും ,“ പിന്നെ ഞാൻ അതിനെക്കുറിച്ച് സംസാരിച്ചില്ല .
(ജി ടോക്കിലെ ചില പ്രസക്ത ഭാഗങ്ങൾ തുടരുന്നു )
പിന്നെ നവീൻ പറഞ്ഞു “ ബ്ലോഗിൽ തന്നെ നല്ല നിലവാരത്തിൽ എഴുതുന്ന ആൾക്കാരുണ്ട് . കഥയും മറ്റുമൊക്കെ . നിറുത്താതെ അവയൊക്കെ വായിച്ചുകൊണ്ടിരിക്കണം. സിമിയുടെ കഥ വായിച്ചിരുന്നോ ? അതു പോലെ സജി ചേട്ടന്റെ കഥ ? “
ഞാൻ : ഇല്ല , ലിങ്ക് തരുമോ ?
നവീൻ : സറീനയുടെ അകം വാഴ്വു കവിത ?
ഞാൻ : ഇല്ല വായന കുറവാണ് ?
നവീൻ : ഓ കെ
ഞാൻ : എന്താ സറീന ചീരയിലകൊണ്ട് അർത്ഥമാക്കുന്നത് ?
നവീൻ : ശ്രീകൃഷ്ണന്റെ അക്ഷയ പാത്രം .. ഐതീഹ്യം ഓർമ്മയില്ലേ .. അതുമായി ഒന്നു ചേർത്തു വായിച്ചു നോക്കിയേ
ഞാൻ : ശരി , എന്നാലും എന്തൊക്കെയോ അർത്ഥതലങ്ങൾ ഉണ്ട് അതിൽ .
ഞാൻ : വായിച്ചു
നവീൻ : എനിക്കൊത്തിരി ഇഷ്ടമായി
ഞാൻ : ഷോർട് പോയംസ് വളരെ ചെറുത്
നവീൻ: അതെ ഹൈക്കു , ഹൈക്കു മുൻപ് വായിച്ചിട്ടുണ്ടോ ?
ഞാൻ : ഇല്ല
നവീൻ : ബാഷോയുടെ
ഞാൻ : ഇല്ല
ഇതു വായിക്കൂ
ഞാൻ : ശരി , നന്ദി
നവീൻ: ഞെട്ടിയോ ?
ഞാൻ : ഉവ്വ്
നവീൻ: it was on 16 th centuary the great basho
ഞാൻ : ഉം
നവീൻ : പകലത്തു കാണുമ്പോൾ
ഒരു വെറും കീടമീ
മിന്നാമിന്നി.
പൂവിന്നാഴം വിട്ടുപോരാൻ
തേനീച്ചയ്ക്കെന്തു മടി!
ഞാൻ : ഞാൻ എല്ലാം ബ്ലോഗ് ലിസ്റ്റിൽ ചേർക്കുകയാണ്.. പിന്നീടുള്ള വായനക്ക്
നവീൻ : ഗുഡ്
ഞാൻ : സമയം കുറച്ചായി … നവീൻ ഭായ് ഞാനപ്പോൾ ….
നവീൻ : ok dear if u have time see some claasic movie also
ഞാൻ : ശരി തീർച്ചയായും
നവീന്റെ ഈ ലിങ്കിനു ശേഷം പെട്ടെന്ന് നെറ്റ് കട്ടായി . എന്തോ എനിക്കൊരു ബൈ പറയാനോ, ഗുഡ് നൈറ്റ് പറായാനോ സാധിച്ചില്ല. 10 മിനുറ്റിനു ശേഷം നെറ്റ് കണക്ടായപ്പോൾ നവീന്റെ ഓഫ് ലൈൻ മെസ്സേജ് കാണാൻ കഴിഞ്ഞു .
These messages were sent while you were offline.
ഇതു കണ്ടപ്പോൾ മനസ്സിൽ ഒരു വിഷമം .. അവനോട് ഒന്നും പറയാൻ സാധിച്ചില്ലല്ലോ… നവീൻ അന്നു തന്ന എല്ലാ ലിൻകുകളും പരിശോധിച്ചു .എന്തോ ഇപ്രാവശ്യം എന്നോട് അവന്റെ കഥകൾ വായിച്ചില്ലേ എന്നു മാത്രം ചോദിച്ചില്ല. അഥവാ ചോദിച്ചിരുന്നെൻകിൽ എനിക്കവനെ നിരാശപ്പെടുത്തേണ്ടി വരുമായിരുന്നു . എന്നിലെ മടിയനോട് എനിക്ക് വെറുപ്പ് തോന്നിയ നിമിഷങ്ങൾ ആയിരുന്നു അവ. എൻകിലും അടുത്തു തന്നെ വായിക്കണമെന്ന് നിശ്ചയിച്ചു അതോടൊപ്പം മാൻഹോളിനെ ക്കുറിച്ച് ചോദിക്കാൻ വിട്ടുപോയല്ലോ എന്നും ചിന്തിച്ചു. തന്റെ അറിവുകൾ മറ്റുള്ളവർക്കും കൂടി പകർന്നുകൊടുക്കണമെന്ന അദ്ദേഹത്തിന്റെ മനസ്സിനെ പ്രകീർത്തിക്കാതിരിക്കനാവില്ല. അദ്ദേഹത്തിന്റെ അറിവിന്റെ നിലവാരം , ചിന്തകൾ എത്രയോ മികച്ചതാണ്.അപ്പോഴും ഒരു ശുഭരാത്രി നേരാത്തതിന്റെ ദു:ഖം ഉള്ളിൽ ഘനീഭവിച്ചു കിടന്നിരുന്നു.
(തുടരും)