ജ്യോനവന്‍ ഒരോര്‍മ്മ
“ഞാനാണ് പുനരുത്ഥാനവും ജീവനും.
എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും” (യോഹ11:25)
അതെ ചിലര്‍ അങ്ങിനെയാണ്. അവര്‍ക്ക് മരണമില്ല . എന്നും നമ്മുടെ മനസ്സില്‍ എക്കാലവും ജീവിക്കും . ഇതെല്ലാം ഇഷ്ടപ്പെട്ട പുഷ്പത്തിനെ മൊട്ടിലേ നുള്ളുന്ന തോട്ടക്കാരന്റെ വികൃതി മാത്രം . ജ്യോനവന്‍ എന്ന പുഷ്പത്തിന് നമ്മുടെ ഹൃദയത്തിലാണ് സ്ഥാനം കൊടുക്കുന്നത് . അതും ദൈവഹിതം .
ഇന്നും വിങ്ങുന്ന ഓര്‍മ്മയായ് ജ്യോനവന്‍ മനസ്സില്‍ ത്തന്നെയുണ്ട് . വളരെ അപ്രതീക്ഷമായ കണ്ടുമുട്ടല്‍ , പരിചയപ്പെടല്‍ ,സൌഹൃദം പങ്കുവെക്കല്‍ , എല്ലാം ….
എന്റെ അയല്‍ വീട്ടിലെ കുടുംബ സുഹൃത്തായ റൈജുവേട്ടന്റെ കൂടെയാണ് ജ്യോനവന്‍ താമസിച്ചിരുന്നത്. ഒരിക്കല്‍ റ ൈജുവേട്ടന്‍ എന്നെ റൂമിലേക്ക് ക്ഷണിച്ചു . അന്ന് നാട്ടിലേക്ക് പോകുകയാണ്. ഞാന്‍ വീട്ടിലേക്ക് കൊടുത്തയക്കുവാന്‍ കുറച്ചു സാധനങ്ങള്‍ വാങ്ങിയിരു ന്നു.അങ്ങിനെ റൂമിലെത്തി അദ്ദേഹത്തിന്റെ കൂട്ടുകാരെക്കൂടി പരിചയപ്പെടാന്‍ സാധിച്ചു. ബിനു – അവന്‍ ധാരളമായി സംസാരിക്കും പിന്നെ നവീന്‍ - അദ്ദേഹം കാര്യമായി മിണ്ടിയില്ല.എങ്കിലും എപ്പോഴും ഒരു നിറപുഞ്ചിരി ആ മുഖത്ത്, ഞാന്‍ ശ്രദ്ധിച്ചു. ചോദിച്ചതിനു മാത്രം മറുപടി. റൈജുവേട്ടനുമായി സംസാരിക്കുകയായിരുന്ന ഞാന്‍ മറ്റൊരു ബെഡില്‍ ഒരു കവിത പുസ്തകം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ കൌതുകത്തോടെ എടുത്തു നോക്കി . ആരുടെതാണെന്നറിയാന്‍ ചോദിച്ചപ്പോള്‍ എല്ലാവരും വിരല്‍ ചൂണ്ടിയത് നവീനിന്റെ നേര്‍ക്കായിരുന്നു. എല്ലാം അങ്ങോട്ട് തന്നെ ചോദിച്ചോളൂ . ഞാന്‍ നവീന്റെ അടുത്തേക്ക് ഒട്ടു സംശയത്തോടെ .. "നവീന്‍ ഒരുപാട് വായിക്കാറുണ്ടോ? കവിതകള്‍ ഇഷ്ടമാണോ? ഇനിയും പുസ്തകങ്ങള്‍ ഉണ്ടോ?" ഒറ്റ ശ്വാസത്തില്‍ ഞാന്‍ ചോദിച്ചു.
അവന്‍ ചിരിച്ചു കൊണ്ട് മൂളി “ഉം”.
എന്റെ മനസ്സില്‍ തോന്നിയ സംശയം മറച്ചു വച്ചില്ല, ചോദിച്ചു ”എഴുതാറുണ്ടോ?” അവന്‍ എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി ഒരു പുഞ്ചിരിയോടെ.
"എഴുതറുണ്ടോ എന്നോ കൊള്ളാം ഒരു പൊട്ടക്കലം മുഴുവന്‍ അവന്‍ നിറച്ചു വച്ചിരിക്കയല്ലെ".ബിനുവും റൈജുവേട്ടനുമാണ് അത് പറഞ്ഞത് എനിക്കൊന്നും മനസ്സിലായില്ല എങ്കിലും പിന്നെയും എനിക്ക് സംശയം "ബ്ലോഗ് എന്തെങ്കിലും എഴുതാറുണ്ടോ? ".
റൈജു പറഞ്ഞു “എടാ അതാ പറഞ്ഞത് പൊട്ടക്കലം എന്ന ബ്ലോഗ് അവന്റേതാണ്“. തമാശയോടെ റൈജു വിശദീകരിച്ചു.
ഞാന്‍ അവന്റെ അടുത്തേക്ക് ചെന്നു. “അതു ശരി ഒരു ബ്ലോഗറാണല്ലെ.എന്റെ ചങ്ങാതി അതു പറയേണ്ടേ”. എന്റെ ഉള്ളിലെ സന്തോഷം അലതല്ലി ഒരു ചെറു പുഞ്ചിരിയായി പുറത്തേക്ക് വന്നു.ഒരുപാട് സംസാരിക്കണമെന്നുണ്ടായിരുന്നു. എനിക്ക് ഒരു ബ്ലോഗറെ നേരിട്ടു കണ്ട സന്തോഷം, നവീനാണെങ്കില്‍ സമാന ചിന്താഗതിയുള്ള ഒരാളെ അടുത്തു കിട്ടിയതിന്റെ ആഹ്ലാദം. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് നവീന്‍ സംസാരത്തിന്റെ ഭാന്ധം തുറന്നു. ഇടക്ക് റൈജുവേട്ടനും ബിനുവും കയറി ഇടപെടും “ ഹും ഞങ്ങള്‍ ‘പൊട്ടക്കലത്തിനു‘ പകരം ‘നല്ല കലം‘ ഉണ്ടാക്കുന്നുണ്ട്. നവീനെ ചൂടുപിടിപ്പിക്കാനാണന്ന് എനിക്കു മനസിലായി. എങ്കിലും ഒരു പുഞ്ചിരി മാത്രമാണ് അവന്റെ മറുപടി . സംസാരത്തിന്റെ ഇടവേളയിലെപ്പോഴോ റൈജുവേട്ടന്‍ എന്റെ കാതില്‍ പറഞ്ഞു. “അവനു കഴിവുണ്ട്, വര്‍ഷങ്ങളായി എഴുതുന്നയാളാണ്. നിസാരക്കാരനല്ല“, ഞാന്‍ ആരാധനയോടെ നവീനെ നോക്കി. എത്ര സിമ്പിളാണ് നവീന്‍ ,ആരോടും പരിഭവമില്ലാതെ ഒരു ചെറു പുഞ്ചിരിയുമായി………
ഞാന്‍ സംസാരിച്ചു നിര്‍ത്തിയെടുത്തുനിന്ന് അവന്‍ തുടങ്ങുകയണ്. എന്റെ സംശയങ്ങള്‍ ഞാന്‍ അവനുമായി പങ്കുവച്ചു. ഇതിനിടെ അവന്റെ മൊബൈലില്‍ സൂക്ഷിച്ചിരുന്ന ‘ആദ്യരാത്രി’ എന്ന കവിത എന്നെ കേള്‍പ്പിച്ചു. ഇടക്ക് അവന്‍ കൂടെ ചൊല്ലുന്നുമുണ്ടായിരുന്നു.ഞാന്‍ കൌതുകത്തോടെ അവനെ നോക്കിയിരുന്നു. എത്ര വേഗം വാചാലനായി അവന്‍ . പിന്നീട് എന്നോട് ചോദിച്ചു വായിക്കാറുണ്ടോ? ബ്ലോഗിലെ കവിതയെഴുതുന്ന ആരൊക്കെ അറിയാം? എന്നൊക്കെ. എനിക്ക് ഉത്തരമില്ലായിരുന്നു. “നവീന്‍ ഞാനൊരു തുടക്കക്കാരന്‍ മാത്രം , അതുമല്ല ഞാന്‍ എഴുതിയ കവിതകള്‍ വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ്. കലാലയ ജീവിതത്തിലെ ചില പൊട്ടത്തരങ്ങള്‍ . പിന്നെ ചില ബ്ലോഗുകള്‍ കണ്ടപ്പോള്‍ ഒരു കൌതുകത്തിന് പ്രസിദ്ധീകരിച്ചു എന്നുള്ളു. എനിക്ക് ആരേയും പരിചയമില്ല. മാത്രമല്ല എനിക്കങ്ങനെയിപ്പോള്‍ എഴുതാന്‍ സാധിക്കില്ല. വായന ഒട്ടും ഇല്ല . പിന്നെ കവിതകള്‍ എങ്ങിനെ എഴുതും ? “ കവിത എഴുതാനാണോ ശ്രീജിത്തേ പ്രയാസം . ഒരു പത്തു മിനിട്ടുണ്ടെങ്കില്‍ ഒരു കവിതയായി." ഞാന്‍ അത്ഭുതം കൂറുകയായിരുന്നു അവന്റെ സംസാരത്തില്‍ . ടി പി വിനോദിന്റെ കവിതകള്‍ “വായിച്ചിട്ടുണ്ടോ? “
“ ഇല്ല” .
“അദ്ദേഹത്തിന്റെ കവിതകള്‍ വായിക്കണം“ എന്ന് പറഞ്ഞു നേരത്തെ ഞാന്‍ കണ്ട പുസ്തകം എടുത്തുകൊണ്ടു വന്നു. ‘നിലവിളിയെ കുറിച്ചുള്ള കടംങ്കഥകള്‍ ‘ അതിലെ മികച്ച ഒരു കവിത എന്നെക്കാണിച്ചു. അവാര്‍ഡിനര്‍ഹമായതാണിത്. ‘എണ്ണ എന്ന ആത്മകഥയെപ്പറ്റി പിണ്ണാക്ക് സംസാരിക്കുന്നു‘ എനിക്കൊന്നും മനസ്സിലായില്ല . ഞാന്‍ വാപൊളിച്ചിരിക്കെ എനിക്കതിന്റെ സാരാംശം അവന്‍ പറഞ്ഞു തരികയായിരുന്നു. അവന്‍ ആസ്വദിക്കുകയാണ് ഈ നിമിഷങ്ങള്‍ … എനിക്കു തോന്നിയതാണ്. ടി പി വിനോദിന്റെ കവിതകളെക്കുറിച്ച് അവന്‍ വാചാലനായി. അത്താഴത്തിന്റെ ഇടവേളകളില്‍ ഞങ്ങള്‍ നാലുപേ ര്കൂടിക്കഴിക്കുമ്പോഴും അവന്‍ പറയാന്‍ വെമ്പുകയാണെന്ന് എനിക്ക് മനസ്സിലായി
പിന്നീട് നവീന്‍ എന്നോട് പറഞ്ഞു “നീ വായിക്കണം കൂടുതല്‍ .. നെരൂദയുടെ കവിതകള്‍ വായിച്ചിട്ടുണ്ടോ? “
“ഇല്ല”
“അത് വായിക്കണം അത്രക്ക് തീവ്രമാണ് അതിലെ വരികള്‍ . പ്രണയം ഇത്രമേല്‍ ആഴത്തില്‍ സ്പര്‍ശ് ശിച്ചെഴുതിയ കവിതകള്‍ .. അദ്ദേഹത്തിന്റെ ചിന്തകള്‍ അത്രക്ക് ശക്തിയേറിയതാണ്. അത് വായിച്ച് കഴിഞ്ഞാല്‍ ആരായാലും കവിത എഴുതിപ്പോകും “ എന്ന് പറഞ്ഞ് ഒരു വലിയ ബൈന്റിട്ട പുസ്തകം എനിക്ക് കാണിച്ചു തന്നു. if-you-forget-me , I Do Not Love You Except Because I Love You, എന്നീ കവിതകള്‍ കാണിച്ചിട്ട് പറഞ്ഞു ഇതെല്ലാം നെരൂദയുടെ കവിതകളാണ്. ഞാന്‍ അന്തം വിട്ടിരിക്കുകയാണ് … ഈശ്വരാ പുലിമടയിലാണല്ലോ ഞാന്‍ എത്തിയത്.
പിന്നീട് ‘പുഴ’ മാഗസിനെപ്പറ്റിയായിരുന്നു സംസാരം . ഇടക്ക് ഞാന്‍ ചോദിച്ചു “ “ നവീന്‍ കവിത മാത്രമേ ഉള്ളൂ ? കഥയൊന്നും പരീക്ഷിച്ചില്ലേ “
“ ഉവ്വ് കുറച്ച് കഥകള്‍ ഉണ്ട് , മുന്‍പൊക്കെ എഴുതിയിരുന്നു .. ഞാനതിന്റെ ലിങ്ക് അയച്ചു തരാം .. ശ്രീജിത്ത് വായിക്കണം ട്ടോ “
“ഓകെ“ ഞാന്‍ സമ്മതിച്ചു . പിന്നെ നവീന്റെ കവിതകള്‍ ഞാന്‍ വായിക്കുന്നുണ്ട് എന്നിട്ട് എല്ലാത്തിനും കമന്റിടാം “
പെട്ടെന്ന് നവീന്‍ പറഞ്ഞു “ അയ്യോ ശ്രീജിത്ത് കമന്റിടേണ്ടാ… അത് വേണ്ടാ ശ്രീജിത്ത് .”
ഞാന്‍ അത്ഭുതപ്പെട്ട് പോയി , കാരണം ബ്ലോഗില്‍ ആര്‍ക്കായാലും സ്വന്തം സൃഷ്ടിക്ക് കമന്റ് കിട്ടുക എന്നുവച്ചാല്‍ തന്നെ ഒരു പ്രചോദനം കൂടിയല്ലേ പിന്നെന്താ നവീന്‍ അങ്ങിനെ പറഞ്ഞത് ?
“അത് പിന്നെ ശ്രീജിത്തിന് ഇപ്പോള്‍ എന്നെ അറിയാം , ജ്യോനവന്‍ എന്നത് ഞാനാണെന്നും മനസ്സിലായി, അതിലുപരിയായി എന്റെ സുഹൃത്തും കൂടിയായി അപ്പോള്‍ പിന്നെ ശ്രീജിത്ത് ഞാന്‍ എന്തെഴുതിയാലും ഒരു പക്ഷേ എന്നെ പ്രോത്സാഹിപ്പിക്കാനായി … അത് വേണ്ടാ ശ്രീജിത്ത് … ഞാന്‍ കമന്റിനുവേണ്ടീ അല്ല എഴുതുന്നത് ..പക്ഷേ ശ്രീ എന്റെ എല്ലാ കവിതകളും വായിക്കണം ..അഭിപ്രായം പറയണം ..എനിക്ക് മെയില്‍ ചെയ്യണം .. ഞാന്‍ എന്നും ഇങ്ങിനെത്തന്നെ ഇരിക്കട്ടെ ……
അന്നു രാത്രി വിടപറയുമ്പോള്‍ ഞങ്ങള്‍ ഒരു നല്ല സൌഹൃദത്തിന് അടിത്തറപാകിയിരുന്നു.വീണ്ടും കാണാം എന്ന ഉറപ്പില്‍ ഞങ്ങള്‍ അന്ന് പിരിഞ്ഞു .റൈജുവേട്ടനെ എയര്‍പ്പോര്‍ട്ടില്‍ ഇറക്കിയ ശേഷം ആണ് ഞാന്‍ റൂമിലേക്ക് പോയത്. പോകുന്ന വഴി നവീനെ പ്പറ്റി കൂടുതല്‍ റൈജുവേട്ടനോട് ചോദിച്ചു. “ അവന്‍ അങ്ങിനെയാണ് . … അധികം ആരോടും സംസാരിക്കില്ല.. പക്ഷേ പരിചയമായാല്‍ നല്ലൊരു സുഹൃത്താണ്. എനിക്കവന്‍ എന്റെ സഹോദരനെപ്പോലെയാണ്.. ഞാന്‍ കളിയാക്കാറുണ്ടെങ്കിലും എഴുതിക്കഴിഞ്ഞാല്‍ എന്നെ ചൊല്ലിക്കേള്‍പ്പിക്കാറുണ്ട് അവന്റെ കവിതകള്‍ .. മാത്രമല്ല ഞാന്‍ ഇടക്ക് ബ്ലോഗില്‍ കയറാറുണ്ട്….. “ റൈജുവേട്ടനിലൂടെ ഞാന്‍ ജ്യോനവനെ അറിയുകയായിരുന്നു… ഇനിയും വരണം, ഇനിയും കാണണം , കൂടുതല്‍ സംസാരിക്കണം ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു ..