എനിക്കെന്റെ ബാല്യമിനി വേണം
“മോനേ എണീക്ക് നേരം വെളുത്തു.”
അമ്മയുടെ വിളി കേട്ടാണ് അവന്‍ കണ്ണുതുറന്നത്
“ഉം” എന്നു പറഞ്ഞ് പിന്നെയും പുതപ്പിനുള്ളിലേക്ക് അവന്‍ ഉള്‍വലിഞ്ഞു. അഞ്ചു മിനിറ്റ് കഴിഞ്ഞില്ല അമ്മപിന്നേയും വന്നു . ഇത്തവണ കൂടുതല്‍ ഉച്ചത്തില്‍ ഒട്ടു ശകാരത്തോടെ അവനെ വിളിച്ചു
“നീ എണീക്കുന്നുണ്ടോ അതോ ഞാന്‍ വടിയെടുക്കണോ ”
ഇത്തവണ അവന് കാര്യം മനസ്സിലായി . എണീറ്റില്ലെങ്കില്‍ അടി ഉറപ്പ് . എന്നാലും അവന്‍ പതിവുപോലെഅമ്മയെ വിളിച്ചു
“ അമ്മേ വായോ എന്നെ പിടിക്ക്”.
അമ്മക്കറിയാം . എല്ലാദിവസവും അവനെ കൈ പിടിച്ചു എഴുന്നേല്‍പ്പിക്കണം എന്നാലേ എണീക്കൂ. മടിയുടെലക്ഷണം .അവന്‍ എണീറ്റ്
നേരെ അമ്മയുടെ കൂടെ അടുക്കളയിലേക്ക്.അവിടെ അമ്മയെ പറ്റിച്ചേര്‍ന്ന് കുറച്ചു നേരം നില്‍ക്കണം പിന്നെഅവിടെ നിന്നും അമ്മ തന്നെ ഉന്തിതള്ളി പറഞ്ഞയക്കും . ഒരു ഏഴു വയസ്സുകാരന്റെ ശാട്യം .
(പല്ലു തേക്കാന്‍ നേരം ഒരു പാട് സംശയങ്ങളാണ് അവന്.പൊടിയും എടുത്ത് ഇറങ്ങും .നേരെ ഉമ്മറത്തേക്ക്. അവിടെ ചെടികളിലെ വിരിഞ്ഞു നില്‍ക്കുന്ന പൂക്കള്‍ , അതില്‍ പറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞു തുള്ളികള്‍ ,തേന്‍കുടിക്കാന്‍ വരുന്ന പൂമ്പാറ്റകള്‍ എല്ലാം അവന്റെ നിരീക്ഷണത്തിലായിരിക്കും.എന്നെങ്കിലും വാടിയ പൂക്കള്‍കൊഴിഞ്ഞു വീണത് കണ്ടാല്‍ അവന് വലിയ വിഷമമായിരിക്കും . അപ്പോള്‍ തന്നെ ഓടിപ്പോയി അമ്മയോട്പറയും .
“അമ്മേ ദാ കണ്ടോ എന്തു നല്ല രസമുള്ള പൂവായിരുന്നു .ഇന്നു നിലത്തു വീണു കിടക്കുന്നു”.
അമ്മ പറയും “ അത് മോനെ പൂക്കള്‍ വാടിക്കഴിഞ്ഞാല്‍ അങ്ങിനെയാണ്.അത് കൊഴിഞ്ഞ് പോകും പിന്നേയുംചെടി പൂക്കും അപ്പോള്‍ പുതിയ പൂക്കള്‍ വന്നോളും ട്ടോ “ “എന്നാലും ആ പൂവ് കൊഴിഞ്ഞല്ലോ “ അവന്സങ്കടത്തോടെ പറയും.)
“മോനെ ഇന്ന് അമ്പലത്തില്‍ ഉത്സവമല്ലേ .വേഗം കുളിച്ച് തൊഴുതിട്ട് വാ എന്നിട്ട് കഴിക്കാം ട്ടൊ”.
“ഉം” അവന് സമ്മതിച്ചു .
അയല്‍ വീട്ടിലെ കുട്ടികളൊകെ ഇടവഴിയിലൂടെ കലപില കൂട്ടി നടന്നു വരുന്നു.അമ്മ അവരെ വിളിച്ചു നിറുത്തി .” നിങ്ങള്‍ പോകുമ്പോള്‍ ദാ ഇവനെക്കൂടി കൊണ്ടു പൊയ്കോ”
വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ അമ്മ അവരില്‍ തലമുതിര്‍ന്നവനോട് പറഞ്ഞു;
” മോനെ അവനെ നോക്കണേ അധികം സമയം കളയാതെ വന്നോളൂട്ടൊ”.
എന്തൊരുത്സാഹമാണ് .. എന്തൊരാഹ്ലാദമാണ് കൂട്ടരൊടൊപ്പം പോകുവാന്‍ .നല്ല സ്വാതന്ത്ര്യം … അവരുടെ ചെറുവികൃതികള്‍ കണ്ട് രസിച്ച് ചിരിച്ച് പോകാം . അച്ഛന്റെ കൂടെ യാണെങ്കില്‍ മിണ്ടാതെ നടക്കണം, കൈ പിടിച്ചേപോകാവൂ..ഹോ എന്തെല്ലാം നിബന്ധനകളാണ്. അച്ഛന്‍ നേരത്തെ ഓഫീസില്‍ പോയത് നന്നായി. അച്ഛനൊന്നുകണ്ണുരുട്ടിയാല്‍ മതി പേടിക്കാന്‍ . പിന്നെ കുരുമ്പെടുത്താല്‍ വിശേഷായി . നല്ല അടി ഉറപ്പ് . അതിനാല്‍ ഈപോക്ക് അവന് ഇഷ്ടപ്പെട്ടു.
തൊഴുതിറങ്ങുമ്പോള്‍ എല്ലവരും ഉത്സവപ്പറമ്പില്‍ ഒന്ന് ചുറ്റി . പലതരം കളിപ്പാട്ടങ്ങള്‍ , ബലൂണുകള്‍ …. അങ്ങിനെഎന്തെല്ലാം …
. അങ്ങിനെ അതെല്ലാം കടന്ന് പലഹാരങ്ങള്‍ വില്‍ക്കുന്ന സ്ഥലത്തെത്തി. നോക്കുമ്പോള്‍ എന്തൊക്കയാ….പലനിറത്തില്‍ ഹലുവ, ഈന്തപ്പഴം,ഉഴുന്നു വട..അങ്ങിനെ പലതും . പക്ഷേ അവന് അത് കണ്ടിട്ടൊന്നും തോന്നിയില്ല. എല്ലാ ദിവസവും ഓഫീസ് വിട്ടു വരുമ്പോള്‍ കൊണ്ടുവരുന്ന സാധങ്ങളാണ് അതൊക്കെ. അതിനാല്‍ അവന്‍ ഒന്നുംആഗ്രഹിച്ചിരുന്നില്ല.പക്ഷേ കൂട്ടുകാര്‍ പറയുന്നത് കേട്ടു :
“ കണ്ടാല്‍ എല്ലാം വാങ്ങിക്കാന്‍ തോന്നും എന്നാല്‍ കൈയ്യില്‍ പൈസയില്ല.അതുകൊണ്ട് നോക്കി നിന്നുവെള്ളമിറക്കണ്ടാ വാ പോകാം .
ഇനി വൈകീട്ട് വരാം “ .
അവന്‍ തിരിഞ്ഞു നടക്കാന്‍ തുടങ്ങി. പെട്ടെന്നാണ് ശ്രദ്ധിച്ചത്. ഈന്തപ്പഴത്തിന്റെ അരികെ മറ്റൊരു ചാക്കില്‍ചെറിയ കമ്പുകള്‍ പോലെ കൂട്ടിയിട്ടിരിക്കുന്ന എന്തോ . അവന്‍ കച്ചവടക്കാരനോട് ചോദിച്ചു:
“അത് എന്താ?”
“മധുരസേവ “ അയാള്‍ പറഞ്ഞു;
അതു നോക്കി നില്‍ക്കുമ്പോള്‍ എന്തോ അവനില്‍ ഒരു ആഗ്രഹം പൊട്ടിമുളക്കാന്‍ തുടങ്ങി. മധുരസേവ എന്നാല്‍നല്ല മധുരമായിരിക്കും അവന്‍ മനസ്സില്‍ പറഞ്ഞു.
അപ്പോഴേക്കും നടന്നു നീങ്ങിയ കൂട്ടുകാര്‍ അവനെ കാണാതെ തിരിച്ചു ഓടി വന്നു .
““ നീ എന്താ ഇവിടെത്തന്നെ നിന്നു പോയത് വാ പോകാം നേരം കുറെയായി “
“അല്ല ഈ മധുര സേവ കണ്ടപ്പോള്‍ നിന്നതാ.” അവന്‍ പറഞ്ഞു
“എന്തേയ് നിനക്ക് വേണോ?”.അവന്‍ ചോദിച്ചു.
“ഉം”. അവന്‍ മൂളി. എന്നിട്ട് ഒഴിഞ്ഞ കീശയില്‍ ഒന്നു തപ്പി.
“എന്തേയ് നിന്റെ കയ്യില്‍ പൈസയുണ്ടോ?”.
“ഇല്ല “ . എന്നാലും അവന്‍ കച്ചവടക്കാരനോട് ചോദിച്ചു:
“ഇതിന് എത്രയാ?“
“രണ്ടു രൂപക്ക് തരാം “ അയാള്‍ പറഞ്ഞു.
അവന്‍ വീണ്ടും അതിലേക്ക് നോക്കി .. അതു കഴിക്കണമെന്ന് .വല്ലാത്ത ആഗ്രഹം ..ആ കൊച്ചു മനസ്സിന്റെആശയറിയാതെ കൂട്ടുകാര്‍ വീണ്ടും ചോദിച്ചു:
“പൈസയില്ലാതെ ഇവിടെ നിന്നിട്ട് കാര്യമില്ല. വാ പോകാം “
അവര്‍ അവനെ കൈ പിടിച്ചു കൊണ്ടുപൊകുമ്പോഴും ഇടക്ക് തിരിഞ്ഞു നോക്കിയാണ് അവന്‍ നടന്നു നീങ്ങിയത്. വീട്ടിലെത്തട്ടെ അമ്മയോട് പറയണം. അവന്‍ മനസ്സില്‍ നിശ്ചയിച്ചു.
വന്നു കയറിയ പാടെ അവനു അമ്മ പ്രാതല്‍ വിളംബി . “ നന്നായി പ്രാര്‍ത്ഥിച്ചോ നീ”
“ ഉം പിന്നെ അമ്മേ അമ്പലപ്പറമ്പില്‍ പോയീ ട്ടോ . അവിടെ എന്തൊക്കെ സാധനങ്ങളാ ഉള്ളത്”..
“ഉം” അമ്മ ഒന്നു മൂളി
ചായക്കു ശേഷം അവന്‍ അമ്മയുടെ കൂടെ ചൂറ്റിപ്പറ്റി നിന്നു.
“എന്താ കുട്ടാ നീ കളിക്കാന്‍ പോകുന്നില്ലേ?”
“അത് പിന്നെ അമ്മേ“ അവന് ഒന്നു ഞരങ്ങി .
“എന്താ?”
“അത് അവിടെ അലുവയും പൊരിയും ഒക്കെ വില്‍ക്കാന്‍ വച്ചിരിക്കുന്നു “
“അതേയോ .. എന്താ നിനക്കു വേണോ?” അമ്മ ചോദിച്ചു .
“ഏയ് എനിക്കു വേണ്ടാ…. പിന്നെ അവിടെ വളകള്‍ ,മാലകള്‍ ഒക്കെ കണ്ടു …. അമ്മക്കു വേണോ ? വളയുംമാലയും ?”. അമ്മയുടെ സാരിത്തുമ്പ് വിരലില്‍ ചുറ്റിക്കൊണ്ട് അവന്‍ ചോദിച്ചു
അമ്മ അവന്റെ മുന്നിലേക്ക് തിരിഞ്ഞു നിന്നു . എന്നിട്ട് ഒരു ചിരി “ വേണ്ടടാ കുട്ടാ അമ്മയുടെ കയ്യില്‍ വളയുണ്ട്പിന്നെ കഴുത്തില്‍ മാലയുണ്ട് ..അമ്മക്ക് ഒന്നും വേണ്ടാ.” .. എന്നിട്ട് പിന്നേയും ചിരിച്ചു. “ ഇവന്റെയൊരു കാര്യം “ . നീ എന്താ കളിക്കാന്‍ പോകുന്നില്ലേ വൈകീട്ട് ദീപാരാധനക്ക് പോകാം ട്ടോ”
“ഉം, … പിന്നെ അമ്മേ അവിടെ ഈന്തപ്പഴം ഉണ്ടായിരുന്നു “.
“എന്നിട്ട് നിനക്കു വേണോ? അച്ഛന്‍ വന്നിട്ട് വാങ്ങിക്കോളും “.
“വേണ്ടാ … പിന്നെ “ അവന് വിക്കി ….. അത് പിന്നെ .
“എന്താ മോനെ ?” അമ്മ ചോദിച്ചുകൊണ്ട് അവന്റെ അടുത്ത് വന്നിരിന്നു. അവനെ അരികിലേക്ക് ചേര്‍ത്തു .
എന്നിട്ട് ചോദിച്ചു “ എന്റെ കുട്ടനു എന്താ വേണ്ടത്?”
അവന് പറഞ്ഞു “ അമ്മേ ഞാന്‍ അവിടെ ഒരു പലഹാരം കണ്ടു”.
“എന്താ?”
“മധുരസേവാന്ന അയാള്‍ പറഞ്ഞതു. ഞാന്‍ മേടിച്ചോട്ടെ അമ്മേ?”
“അതെന്തു പലഹാരമാണു എങ്ങിനെയിരിക്കും?“
“അത് …. അത് … നല്ല മധുരമായിരിക്കും .. പിന്നെ .. പിന്നെ എനിക്കറിഞ്ഞൂടാ”.
“ഉം ..“ അമ്മ മൂളി “ എന്തു വില വരും “.
“രണ്ടു രൂപക്ക് തരാന്നു പറഞ്ഞു….. എനിക്ക് രണ്ടു രൂപ മതി”.
അമ്മ അവനെ ഒന്നു തലോടി .. കണ്മിഴിച്ചു നില്‍ക്കുന്ന അവനെ നോക്കി നെടുവീര്‍പ്പിട്ടു . അമ്മചിന്തിക്കുകയായിരുന്നു .
ഒരു കളിപ്പാട്ടം പോലും ആഗ്രഹിക്കാത്ത അവന്റെ ബാല്യം . ദുശ്ശാഠ്യങ്ങളില്ലാത്ത , കുട്ടിത്തം നിറഞ്ഞു തുളുമ്പുന്ന ന്റെമോന്‍. അവനു ഒന്നും വേണ്ടാ. എന്തു ചോദിച്ചാലും ഒന്നും തന്നെ ആഗ്രഹമില്ല. അവന്‍ ആദ്യമായിട്ട് ചോദിക്കാണ് . ഒരു പക്ഷേ ആദ്യമായിത്തന്നെ. അമ്മയുടെ കണ്ണുകള്‍ നിറയുന്നത് അവന്‍ കണ്ടില്ല . അതു മറച്ചു പിടിച്ച് കൊണ്ട് അമ്മ പറഞ്ഞു
“ അച്ഛന്‍ വരട്ടെ അമ്മ പൈസ മേടിച്ചു തരാം ട്ടോ . ഇപ്പോള്‍ പോയി ക്കളിച്ചോളൂ”
അവന്റെ മുഖത്ത് ആയിരം പൂര്‍ണ്ണചന്ദ്രന്മാര്‍ ഉദിച്ച പ്രതീതി . അവന്‍ സന്തോഷത്തോടെ പുറത്തേക്ക് … കളിക്കൂട്ടുകാരുടെ അടുത്തേക്കു ….
എന്തോ അച്ഛന്‍ അന്ന് നേരത്തെ എത്തി ഭക്ഷണത്തിനു ശേഷം കോലായില്‍ ഇരുന്ന് വിശ്രമിക്കുന്ന സമയത്ത്അമ്മ വിഷയം അവതരിപ്പിച്ചു .അവന്‍ ആകാംക്ഷയോടെ അത് ശ്രദ്ധിച്ചു . കാരണം അച്ഛന്‍ കുട്ടികളുടെ കയ്യില്‍ഒരിക്കലും പൈസ തന്നയക്കില്ല . മാത്രമല്ല, പൈസയുടെ കാര്യം വരുമ്പോള്‍ പറയും അനാവശ്യമായി ഒന്നുംചിലവാക്കരുത്. പൈസ ചിലവാക്കി കളയാന്‍ എളുപ്പമാ. പക്ഷേ അത് ഉണ്ടാക്കാന്‍ ഒരു പാട് ബുദ്ധിമുട്ടുണ്ട്. അങ്ങനെ തുടങ്ങും ….
“പിന്നെ അവനു നിങ്ങള്‍ രണ്ടു രൂപ കൊടുക്കണം “ അമ്മയുടെ വര്‍ത്തമാനം കേട്ടാണ് അവന്‍ ചിന്തയില്‍ നിന്ന്ഉണര്‍ന്നത്. അവന്‍ കാതോര്‍ത്തു
“ഉം? എന്തിനാ അവന് പൈസ ?” അച്ഛന്‍ ചോദിച്ചു
“അവനെന്തോ ഉത്സവപ്പറമ്പില്‍ നിന്ന് വാങ്ങിക്കനാണ്.” അമ്മ പറഞ്ഞു.
‘അതിനെന്താ ഞാന്‍ വാങ്ങിക്കൊടുത്തോളാം എന്താ വേണ്ടത് ? “ അച്ഛന്‍
“വേണ്ടാ. അവന്റെ ഇഷ്ടത്തിന് വാങ്ങിക്കോട്ടെ …കുട്ടികളല്ലെ “. അമ്മ ചോദിച്ചു.
കുറച്ചു നേരം തര്‍ക്കിച്ചതിനു ശേഷം അമ്മ വിജയശ്രീലാളിതയായി അവന്റെ അടുത്തു വന്നു. എന്നിട്ട് രണ്ടു രൂപഅവന്റെ കയ്യില്‍ കൊടുത്തു. “ ഇനി നീ ആ പലഹാരം വാങ്ങിച്ചോളൂട്ടോ… എന്നിട്ട് അമ്മക്കും കൊണ്ടു വരില്ലേ?”
“ഉം ” അവന് സന്തോഷത്തോടെ മൂളി.എങ്കിലും അവന്റെയുള്ളില്‍ അപ്പോഴും സംശയമായിരുന്നു.എന്തിനാ അച്ഛന്ഈ ചെറിയ പൈസ തരാന്‍ മടിക്കുന്നത്? അച്ഛന് ഇഷ്ടമായിട്ടാണാവോ തന്നത്?.
വൈകുന്നേരം കൂട്ടുകാര്‍ വന്നപ്പോള്‍ അമ്മയോട് അനുവാദം വാങ്ങി വീണ്ടും അമ്പലത്തിലേക്ക്.. മധുരസേവയുടെകാര്യം ആലോചിച്ച് അവന്റെ നടത്തത്തിന് വേഗത കൂടി.എത്രയും പെട്ടെന്ന് എത്തണം .അവന്റെ ചിന്തഅതിലായിരുന്നു.
ഉത്സവപ്പറമ്പില്‍ നല്ല തിരക്ക്.. അതിനിടക്ക് തിക്കിത്തിരക്കി ഉള്ളിലേക്ക് . നടയടച്ചിരിക്കുകയാണ്. തുറക്കാന്‍സമയം എടുക്കും തിരക്കാണെങ്കില്‍ ഏറി വരുന്നു… എല്ലവരും കഷ്ടപ്പെട്ട് പുറത്തേക്ക്. എന്നിട്ട് അമ്പലപ്പറമ്പില്‍ഒന്ന് ചുറ്റി . അവന്റെ മനസ്സില്‍ ആധിയായി .. കാരണം ആ കച്ചവടക്കാര്‍ അവിടെ ഉണ്ടാവില്ലേ? അയാള്‍പോയിക്കാണുമോ? എന്നൊക്കെയായി ചിന്ത .
“നേരം വൈകിത്തുടങ്ങിയല്ലോ ഇനീപ്പോ ദീപാരാധനക്ക് കാത്തുനിന്നാല്‍ ഒരു പാട് ഇരുട്ടും നമുക്കു പോയാലോ” ഒരുവന് ചോദിച്ചു.
“ഹാ എനിക്ക് മധുരസേവ വാങ്ങണം” അവന് പറഞ്ഞു.
“അതേയോ ശരി പൈസ തന്നയച്ചോ നിന്റെ കയ്യില്‍?’
“ഉം ഉണ്ട് വായോ ”
അവന്‍ എല്ലാവരും കൂടി ആ കച്ചവടക്കാരന്റെ അടുത്തു ചെന്നു.അയാളെ കണ്ടതോടെ അവന്റെ ശ്വാസംനേരെയായി.
അവന്‍ താത്പര്യത്തോടെ വീണ്ടും ചോദിച്ചു; “എത്രയാ ഇതിന്?”
“രണ്ടു രൂപക്കു തരാം “ അയാള്‍ ആവര്‍ത്തിച്ചു
അപ്പോള്‍ കൂടെയുള്ളവര്‍ പുറത്തു തട്ടിപ്പറഞ്ഞു
“പൈസ കൊടുക്ക്”
അവന്‍ വീണ്ടും മധുരസേവയിലേക്ക് നോക്കി പിന്നെ കയ്യിലിരിക്കുന്ന പൈസയിലേക്കും . നോക്കിനില്‍ക്കുന്തോറും അവന്റെ ചിന്തകള്‍ക്ക് ചിറകു വക്കുന്ന പോലെ… മധുരസേവയിലേക്ക് നോക്കി നിന്നു കൊണ്ട്അവന്‍ പതുക്കെ പൈസ കീശയിലേക്ക് തിരിച്ചു വച്ചു മുമ്പത്തേക്കാള്‍ ഭദ്രമായി .
കച്ചവടക്കാരന്‍ ചോദിച്ചു “ എന്താ വേണ്ടേ?”
അവന്റെ കൂട്ടുകാര്‍ ചോദിച്ചു “എന്താ വാങ്ങുന്നില്ലേ?”
അവന് പറഞ്ഞു “വേണ്ടാ എനിക്കിത് വേണ്ടാ”. അതും പറഞ്ഞ് അവര്‍ തിരിഞ്ഞു നടന്നു. ഇപ്രാവശ്യം അവന്‍തിരിഞ്ഞു നോക്കിയില്ല.കൂട്ടുകാര്‍ അത്ഭുതപ്പെട്ടു.എന്തൊരുത്സാഹമായിരുന്നു അവന്‍ മധുരസേവക്ക് വേണ്ടി ഓടിവരുകയായിരുന്നു.എന്നിട്ട് ഇപ്പോള്‍ … വീടെത്തുന്നവരെ അവന് അവനോട് ചോദിച്ചുകൊണ്ടേയിരുന്നു.എന്നാല്‍അവര്‍ ഒന്നും മിണ്ടിയില്ല.
വീട്ടിലെത്തിയപാടെ അമ്മ ഓടിവന്ന് ചോദിച്ചു ” ആഹാ! എത്തിയോ കുട്ടന്‍ എവിടെ മധുരസേവ?”
അവന്‍ ഒന്നും മിണ്ടിയില്ല അമ്മയുടെ മുന്‍പില്‍ നിന്നു
അമ്മ അവനെ വാത്സല്യത്തോടെ അരികിലേക്ക് ചേര്‍ത്തു നിര്‍ത്തി ചോദിച്ചു “ എന്താ അമ്മക്ക്കൊണ്ടുവന്നില്ലേ?”
അപ്പോഴും അവന്‍ അമ്മയുടെ കണ്ണിലേക്ക് നോക്കി ഒരു ചെറിയ പുഞ്ചിരി. എന്നിട്ട് കയ്യില്‍ മടക്കിപ്പിടിച്ച രണ്ടുരൂപ നോട്ട് അമ്മക്ക് നേരേ നീട്ടി. എന്നിട്ട് പറഞ്ഞു
“ ഞാന്‍ വാങ്ങിയില്ല”
അമ്മ അവന്റെ ഇരുകൈത്തലത്തിലും പിടിച്ച് വിറയാര്‍ന്ന ശബ്ദത്തില്‍ ….. ഇടറിയ തൊണ്ടയോടെ ചോദിച്ചു
“ ന്റെ മോന്‍ ഇഷ്ടപ്പെട്ടതല്ലേ എന്ത്യേ വാങ്ങീലാ?”
അവന് ഉത്തരമില്ലായിരുന്നു. എന്നാല്‍ അമ്മയുടെ കണ്ണ് നിറയുന്നത് അവന്‍ കണ്ടു. അവന്‍ പതുക്കെ മന്ത്രിച്ചു.. “ എനിക്ക് ….. എനിക്ക് അതിഷ്ടായില്ല” അവന് വിതുമ്പിയോ ? സംശയം..
അത് കണ്ടപ്പോള്‍ അമ്മക്ക് സഹിക്കാനായില്ല…. പെട്ടെന്ന് അമ്മ അവനെ കെട്ടിപ്പിടിച്ചു ഒരു കരച്ചില്‍ …….അമ്മകരയുന്നതെന്തിനെന്നറിയാതെ അവന്‍ അമ്മയെ കെട്ടിപ്പിടിച്ചു നിന്നു…
“ ന്റെ മോന്‍ ഇഷ്ടപ്പെട്ടിട്ടല്ലേ അമ്മ പൈസ വാങ്ങിത്തന്നത് .. പിന്നെന്ത്യേ കുട്ടാ നീ വാങ്ങാതിരുന്നത്?”
…. അമ്മയുടെ ഈ തേങ്ങലുകള്‍ക്കിടയില്‍ അമ്പലത്തിലെ ദീപരാധന വിളിച്ചറിയിക്കുന്ന ശംഖൊലിപോലും മുങ്ങിപ്പോയിരുന്നു… എല്ലാറ്റിനും ഒരു മൂകസാക്ഷിയായി ആ രണ്ടു രൂപ നോട്ട് അവന്റെ ചുരുട്ടിപ്പിടിച്ച കൈവെള്ളയില്‍സുരക്ഷിതമായിരുന്നു….