തന്റേതല്ലാത്ത കാരണത്താല്‍.. part2
എന്തെഴുതണം എങ്ങിനെ തുടങ്ങണം എന്നറിയാതെ എന്റെ മനസ്സ് അലയുകയായിരുന്നു.ഒടുവില്‍ തോല്‍ക്കാന്‍ മനസ്സില്ലാതെ രണ്ട് ഖണ്ഡിക മാത്രം എഴുതിയാല്‍ മതി എന്ന സുരേഷ് സാറിന്റെ ഉറപ്പില്‍ ഞാന്‍ എഴുതി തുടങ്ങി.....
*********************************** ************************ *****
അന്നത്തെ പ്രഭാതം പൊട്ടിവിരിഞ്ഞത് പതിവുപോലെ കിളികളുടെ കളകളാരവത്തോടെത്തന്നെയായിരുന്നു.അനിത അന്ന്‍ നേരത്തെ എണീറ്റു. സൂര്യന്‍ എന്നത്തേയും പോലെ അവളുടേ നേര്‍ക്ക് സുവര്‍ണ്ണകിരണങ്ങള്‍ പൊഴിച്ചു. ഒരു നേര്‍ത്ത കാറ്റ് അവളെ തഴുകിപ്പോകുമ്പോള്‍ പിന്നില്‍ നിന്നും അമ്മയുടെ വിളി :
"എടീ അനീ നിനക്ക് ഇന്ന്‍ കോളേജില്‍ പോകണ്ടെ? . ഇന്ന്‍ ആദ്യത്തെ ദിവസമാണ്.പെട്ടെന്ന്‍ ഒരുങ്ങൂ.ഒരുമിച്ച് പോകേണ്ടതാണ്."
"ദാ അമ്മേ ഇപ്പോള്‍ വരാം " അവള്‍ പറഞ്ഞു.
അനിത ആ ഗ്രാമത്തിലെ ഇലക്ട്രിസിറ്റി എഞ്ചിനീയറിന്റേയും ,കോളേജ് ലക്ടച്ചറിന്റേയും രണ്ടു മക്കളില്‍ ഒരാള്‍.അവളുടെ അനിയന്‍ അനൂപ് സ്കൂളില്‍ പഠിക്കുകയാണ്. അഛന്റേയും അമ്മയുടേയും അരുമയാണവള്‍ .സ്വഭാവത്തിലെന്നപോലെ പഠനത്തിലും അവള്‍ മിടുക്കിആയിരുന്നു . അതിനാല്‍ മാതാപിതാക്കള്‍ക്ക് അധികം തലവേദനകള്‍ ഉണ്ടാക്കാറില്ലായിരുന്നു .എന്നാല്‍ സൗന്ദര്യം ആവശ്യത്തിനു ദൈവം കൊടുത്തതിനാല്‍ അമ്മക്ക് ഉള്ളില്‍ ആധിയില്ലാതെയില്ല. കോളെജ് എന്നു പറഞ്ഞാല്‍ ടീച്ചര്‍ക്ക് അറിവുള്ളതാണല്ലോ. എങ്കിലും ഈശ്വരനെ മനസ്സില്‍ ധ്യാനിച്ച് "ന്റെ കുട്ടിക്കൊന്നും വരുത്തല്ലേ ഭഗവാനേ " എന്നു ഉള്ളുരുകി പ്രാര്‍ത്ഥിച്ച് ആ അമ്മ മകളെയും കൂട്ടി കോളേജിലേക്ക് പുറപ്പെട്ടു. ഭാഗ്യത്തിന് അമ്മ വര്‍ക്ക് ചെയ്യുന്ന കോളേജിന്റെ അടുത്തുള്ള മറ്റൊരു കോളേജില്‍ തന്നെ അവള്‍ക്ക് ചേരാനായി.
അവള്‍ ആദ്യമായി കാമ്പസ്സില്‍ കാലു കുത്തുമ്പോള്‍ എന്തോ ഒരു ഉള്‍ഭയം അവളെ അറിയാതെ മൂടി.അപരിചിതമായ സ്ഥലം , അപരിചിതരായ കുട്ടികള്‍ , ഒട്ടും പരിചിതരല്ലാത്ത അദ്ധ്യാപകരും . അവള്‍ അമ്മയെ ഒരിക്കല്‍ക്കൂടി തിരിഞ്ഞു നോക്കി അമ്മ തിരിച്ചു നടക്കുകയാണ്. നോക്കി നില്‍ക്കുന്തോറും അവളും അമ്മയും തമ്മിലുള്ള അകലം വര്‍ദ്ധിച്ചു വരുന്നു ..ശരിക്കും അവള്‍ക്ക് കരച്ചില്‍ വന്നു....അപ്പോഴാണ് ഒരു പിന്‍ വിളി.സുമയാണ് സ്കൂളില്‍ ഒരുമിച്ചായിരുന്നു ..അവളെ കണ്ടതു ഭാഗ്യം ...
ഇത്രയും ആയപ്പോഴേക്കും വാതില്ക്കല്‍ നിന്നും ശക്തമായ താക്കീതോടെ എന്റെ പ്രോഗ്രാം മെമ്പേര്സ്-കൂടാതെ പിയാനോയുമായി നോബിയും . അടി വീഴാന്‍ വേറെ വഴി വേണ്ടാ. പിന്നെ എനിക്ക് സഹിക്കാനായില്ല. ഗുരു നിന്ദയായാലും ശരി ഇനി ഞാന്‍ എണീറ്റേ പറ്റൂ എന്ന നിലക്ക് ഞാന്‍ സാറിനെ നോക്കി.സാറിനു അതു മനസ്സിലായപോലെ എന്നോട് എണീറ്റോളാന്‍ കണ്ണു കാണിച്ചു. സന്തോഷത്തോടെ എഴുതിയ കടലാസ് മടക്കി കീശയില്‍ തിരുകി പുറത്തേക്ക്. പെട്ടെന്ന് സുരേഷ് സാര്‍ എന്നെ തടഞ്ഞു. എന്നിട്ട് ഒരു ചോദ്യം :
" എഴുതിയ പേപ്പര്‍ എവിടെ? "
ഞാന്‍ ഒരു ചെറു ചമ്മലോടെ പറഞ്ഞു :
"അത് വായിക്കാന്‍ കൊള്ളില്ല.അതുകൊണ്ട് എടുത്തതാണ്"
സാറിന്റെ നിര്ബദ്ധം മൂത്തപ്പോള്‍ ഞാനത് കീശയില്‍ നിന്നും എടുത്തു എന്നിട്ട് വായിച്ചു കഴിഞ്ഞാല്‍ കീറിക്കളയാം എന്ന ഉറപ്പില്‍, ഇതു വച്ച് എന്നെ കളിയാക്കുകയില്ല എന്ന മഹാസമ്മതത്തില്‍ , മറ്റൊരാള്ക്കും കാണിച്ചു കൊടുക്കില്ല എന്ന വാക്കില്‍ ഞാനത് കൈമാറി .പിന്നെ അവിടെ നിന്നില്ല.എന്റെ പ്രോഗ്രാമുകളിലേക്ക് ഞാന് അലിഞ്ഞു ചേര്ന്നു .......
ഇടക്കു സുരേഷ് സാറിനെ കണ്ടിരുന്നു .അപ്പോഴേക്കും ഒരു ചെറുകള്ളപ്പുഞ്ചിരി രേഖപ്പെടുത്തി അദ്ദേഹം മാറിക്കളഞ്ഞു.പിന്നാലെ ഓടി സാറിനോട് ചോദിച്ചു:
"അത് കീറിക്കളഞ്ഞില്ലേ ?" വീണ്ടും ഓര്മ്മിപ്പിച്ചു :"ആര്ക്കും കാണിച്ചു കോടുക്കല്ലേ"
"ഇല്ല അതു ഞാനപ്പഴേ കീറിക്കളഞ്ഞു.. നീ പേടിക്കേണ്ടാ" അദ്ദേഹം തന്ന ഉറപ്പില്‍ പിന്നേയും തിരക്കിലേക്ക്....
ഗോമ്പറ്റീഷന്‍സിനെക്കുറിച്ച് പ്രത്യേകിച്ച് പറയാനില്ല ..അതൊക്കെ വളരെ ഭംഗിയായി നടന്നു...എന്റെ കാര്യം പറയുന്നില്ല.. വെറുതെ എന്തിനാ.......അതൊന്നും അല്ല കാര്യം
ഏകദേശം ഗോമ്പറ്റീഷന്സ് തീരാറായപ്പോഴാണ് ഞങ്ങളുടെ മലയാളം ടീച്ചര്‍ എന്നെ തിരക്കുന്നുണ്ടെന്ന് ഒരു സ്നേഹിതന്‍ വന്നു പറഞ്ഞത്. ഞാന്‍ സ്റ്റാഫ് റൂമിലേക്ക് കടക്കും മുന്പേ ടീച്ചര്‍ പുറത്തേക്ക് വന്നു.അനുസരണയുള്ള എന്നാല്‍ വന്‍ തിരക്കിലായിരുന്ന ആ അരുമ ശിഷ്യന്‍ ഏതാജ്ഞയും നിറവേറ്റാന് തയ്യാറായി തന്റെ അദ്ധ്യാപികക്ക് മുന്പില്‍ നിന്നു .. വളരെ ആകാംക്ഷയോടെ.. വളരെ ക്ഷമയോടെ.....
തനിക്കേറ്റവും ഇഷ്ടമുള്ള ടീച്ചറാണിത്. ആരേയും ചീത്ത പറയില്ല.. ആരോടും പരിഭവമില്ല..സദാ നിഷ്കളങ്കമായ ഒരു ചെറുപുഞ്ചിരിയോടെ ആയിരിക്കും ടീച്ചര്‍ ക്ലാസ്സ് എടുക്കുക . ശബ്ദമുയര്ത്താത്ത വളരെ പതിഞ്ഞ സംസാരമായിരുന്നു ടീച്ചറുടേത്. അതായത് ടീച്ചറുടെ മുഖം വാടിക്കണ്ടാല്ത്തന്നെ നമുക്ക് വിഷമാണ് .ആയതുകൊണ്ട് പരമാവധി ടീച്ചറെ വിഷമിപ്പിക്കാത്ത രീതിയിലാണ് ഞാന്‍ ക്ലാസ്സില്‍ പെരുമാറിയിരുന്നതും . അങ്ങനെയുള്ള ടീച്ചര്‍ എന്നെ എന്തിനു വിളിപ്പിക്കണം എന്നറിയാതെ നില്ക്കുന്ന എന്നോട് പേട്ടെന്ന് ഒരു ചോദ്യം:
ശ്രീയുടെ വീട് എവിടെയാണ് ? "
ഞാന്‍ വീട് പറഞ്ഞുകൊടുത്തു.
പെട്ടെന്ന് വീണ്ടും ചോദ്യം : "എന്റെ വീട് ശ്രീക്ക് അറിയുമോ?".
"ഇല്ല ടീച്ചര്‍ ഒരു പിടിയുമില്ല"
ടീച്ചര്‍ വീടിരിക്കുന്ന സ്ഥലം പറഞ്ഞു തന്നു : " ഈ സ്ഥലം ശ്രീക്ക് അറിയുമോ?"
" നോ ഐഡിയ .. എനിക്ക് അവിടം ഒരു പരിചയമില്ല..ഞാന്‍ ഇതു വരെ അവിടെ പോയിട്ടില്ല" ഞാനാകെ അങ്കലാപ്പിലായി. എന്തേ ടീച്ചര്‍ ഇങ്ങനെയോക്കെ ചോദിക്കുന്നത്..ഒരു എത്തും പിടിയും കിട്ടുന്നില്ല.പിന്നെയും ടീച്ചര്‍ എന്നെത്തന്നെ , എന്റെ കണ്ണിലേക്ക് നോക്കിക്കൊണ്ട് നില്ക്കുന്നു.ഈശ്വരാ എന്തു പറ്റി? ആവലാതിയോടെ നില്ക്കുമ്പോള്‍ അടുത്ത ചോദ്യം :
"ശ്രീക്ക് ഞാനല്ലാതെ എന്റെ വീട്ടിലുള്ള ആരെങ്കിലും പരിചയമുണ്ടോ?"
"ഇല്ല ടീച്ചര്‍ സത്യം പറഞ്ഞാല്‍ ഞാന്‍ ഇവിടെ പഠിക്കാന്‍ വന്നതിനു ശേഷം ആണ് ടീച്ചറെ കാണുന്നത്" ക്ഷമകെട്ട ഞാന് ചോദിച്ചു:
"എന്തു പറ്റി ടീച്ചര്‍ ഇങ്ങനെയൊക്കെ ചോദിക്കാന്‍ ?"
എന്റെ സകല പ്രതീക്ഷകളും തെറ്റിച്ചു ടീച്ചര്‍ പറഞ്ഞു:
"എന്നാലും ശ്രീജിത്ത് എന്നോടിത് വേണ്ടായിരുന്നു"
കാല്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നതു പോലെ... എനിക്ക് തലകറങ്ങുന്ന പോലെ തോന്നി... ഞാന് തീരെ ചെറുതാകുന്നപോലെ....
ഈശ്വരാ ഈ ടീച്ചറുടെ അടുത്ത് ഞാന് എന്ത് അപരാധം ചെയ്തു?ആലോചിച്ചിട്ട് ഒന്നും പിടികിട്ടുന്നില്ല.ഇടറുന്ന തൊണ്ടയൊടെ ഞാന്‍
ചോദിച്ചു:
"ടീച്ചറോട് ഞാന്‍ എന്തു തെറ്റാണ് ചേയ്തത്?"
"അതോ ശ്രീ എഴുതിയ കഥ ഞാന്‍ വായിച്ചു.. ഞാന്‍ മാത്രമല്ല ..........എല്ലാവരും . എന്തേ അത് മുഴുവനാക്കാഞ്ഞത്?"
ടീച്ചര്‍ വിഷയം മാറ്റുകയാണോ എന്നു ഞാന് സംശയിച്ചു..എന്തായാലും സുരേഷ സാര്‍ വാക്കു തെറ്റിച്ചു.. എന്നാലും ഞാന്‍ പറഞ്ഞു:
" ഇല്ല ടീച്ചര്‍ അത് എന്നെക്കൊണ്ട് നിര്ബന്ധിച്ച് എഴുതിപ്പിച്ചതാണ്..പിന്നെ എനിക്ക് അതിനൊന്നും പറ്റില്ല.. പിന്നെ ചുമ്മാ ഞാന്‍ .....".. എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല.........
"അപ്പോള്‍ അതില്‍ എഴുതിയിരിക്കുന്നതോന്നും സത്യമല്ലേ? "
"അല്ല ടീച്ചര്‍ ചുമ്മാ ഒരു രസത്തിന് കടലാസുപൂക്കള്‍ എന്നു വിഷയം തന്നപ്പോള്‍ അതിനെ ഒരു പെണ്കുട്ടിയോട് ഉപമിച്ചു എഴുതിയെന്നെയുള്ളു. എനിക്കറിയില്ല അത് എങ്ങിനെ ആയിരിക്കുമെന്ന്". ഒരു ചമ്മലോടെ പറഞ്ഞു നിര്ത്തി.
തന്റെ സ്വതസിദ്ധമായ നിഷ്കളങ്കമായ ചെറുപുഞ്ചിരിയോടെ ടീച്ചര്‍ പറഞ്ഞു:
"ശ്രീ അത് എന്റെ കഥയാണ്.അതിലുള്ള കഥാപാത്രങ്ങള്‍ എല്ലാം എന്റെ വീട്ടിലുള്ളവര്‍ തന്നെ .എന്റെ ഭര്ത്താവ്,എന്റെ മകന്‍, മകള്‍ എന്തിനു വേറെ പേരുകള്‍ പോലും തെറ്റിയില്ല... പിന്നെ എന്റെ ഭര്ത്താവ് ഇലക്ട്രിസിറ്റി എഞിനീയര്‍ ആണ്.എന്റെ മകള്‍ പഠിക്കുന്നത് തൊട്ടടുത്ത കോളെജിലും ....ഞാനിവിടെയും.."
ടീച്ചര്‍ പറഞ്ഞു നിര്ത്തി എന്റെ കണ്ണിലേക്കു നോക്കി. ഞാന്‍ അമ്പരന്ന് വാപൊളിച്ച് നില്ക്കുകയാണ്.എന്തു ചെയ്യണം എന്തു പറയണം എന്നറിയാതെ. മനസ്സാ വാചാ കര്മ്മണാ ആര്ക്കും ഒരു ദ്രോഹവും വരുത്താതെ എന്തിനു വേറെ എന്റെ നാട്ടിന്പുറത്തില്ലാത്തതും എന്റെ ബന്ധുക്കളില്‍ പോലും ഇല്ലാത്തതും ആയ ഒരു പേരാണ് ഞാന്‍ നായികക്ക് ഇട്ടത്. അതും ഞാന്‍ വെറുതെ എഴുതുകയാണ് എന്നറിഞ്ഞ് ഒരു വിഷയവും ഇല്ലാതെ ഒരു ലക്ഷ്യമില്ലാതെ എഴുതിയത്... എവിടെയോ ഒരു ലക്ഷ്യത്തില്‍ കൊണ്ടിരിക്കുന്നു എന്ന സത്യം മനസ്സിലാക്കാന്‍ ഞാന്‍ ഒരുപാട് സമയമെടുത്തു. കുറ്റബോധത്തോടെ ഞാന്‍ ടീച്ചറുടെ നേര്ക്ക് കൈകൂപ്പി.എന്നിട്ട് പറഞ്ഞു:
"ടീച്ചര്‍ സത്യമാണ് ഞാന്‍ പറയുന്നത് ... എനിക്കൊന്നും അറിയില്ല"
എന്തോ എന്റെ പരിതാപകരമായ അവസ്ഥ കണ്ട് ടീച്ചര്‍ പറഞ്ഞു :
"സാരല്ല്യ കുട്ടീ ഞാന്‍ വെറുതെ സൂചിപ്പിച്ചെന്നെയുള്ളു .അതു വായിച്ചപ്പോള്‍ പെട്ടെന്ന് ഒരു ഷോക്കായപോലെ.....നീ അത് അറിഞ്ഞുകൊണ്ടാണെന്ന് വിചാരിച്ചുപോയി. പക്ഷേ ഇപ്പോള്‍ എനിക്ക് മനസ്സിലായി അങ്ങനെ അല്ലാ എന്ന്. പിന്നെ ശ്രീ ഒരിക്കലും മനപ്പൂര്‍വ്വം ചെയ്യില്ലല്ലോ".
ഹാവൂ !!! നെറ്റിയിലെ വിയര്പ്പുകണങ്ങള്‍ താഴേക്ക് വീണ് ആത്മഹത്യ ചെയ്യാന്‍ മത്സരിക്കുന്നു.ഞാന്‍ അവരെ ഒരു നിമിഷം കൊണ്ട് കൂട്ടക്കൊല നടത്തി©.
ടീച്ചറുടെ ഈ വിശ്വാസം മതി എനിക്ക് ... വീണ്ടും ടീച്ചര്‍ ഒരു ചെറുപുഞ്ചിരിയോടെ ഓഫീസ് റൂമിലേക്ക് പോകുന്ന വഴി തിരിഞ്ഞു നിന്നു പറഞ്ഞു:
"നന്നായിട്ടുണ്ട് ട്ടോ"
ടീച്ചര്‍ എന്താണാവോ ഉദ്ദേശിച്ചത്? അങ്ങനെ വിചാരിച്ച് തിരിഞ്ഞ് നടക്കുമ്പോള്‍ ആ വഴി വന്ന ചില അദ്ധ്യാപകര്‍ എന്നെ നോക്കി ഇരുത്തിയ ഒരു ചിരി ... ഈശ്വരാ സുരേഷ് സാര്‍ എവിടെ ..ഗുരു നിന്ദ പാപമാണ്.പക്ഷേ എന്തു ചെയ്യാം ... ഞാന്‍ അദ്ദേഹത്തെ പോയി കണ്ടു...
" ന്നാലും സാറെ എന്നോടിത് വേണ്ടിയിരുന്നില്ല.സാറിനെ വിശ്വസിച്ച് ഏല്‍പിച്ചതല്ലേ .എന്നിട്ട് ഓഫീസ് റൂം മുഴുവന്‍ പാട്ടാക്കിയില്ലേ? പാവം ടീച്ചര്‍ പോലും എന്നെ........................................."
"ഹേയ് ഒന്നുമില്ലടാ അത് എല്ലാവര്ക്കും അറിയാം ശ്രീ അങ്ങിനെ ചെയ്യില്ലെന്ന്" . പിന്നെ അവര്‍ക്കെല്ലാം കഥകള്‍ കാണണമെന്നുണ്ടായിരുന്നു അതില്‍ ശ്രീ യുടെ കഥ പെട്ടെന്നേയുള്ളൂ... എന്നാലും ഇത്ര കൃത്യമായി എങ്ങിനെ എഴുതി?".സാര്‍ ചിരിച്ചു കൊണ്ട് പറഞ്ഞു
ഞാനോന്നും പറഞ്ഞില്ല. അന്നത്തെ തിരക്കു പിടിച്ച ഓട്ടപ്പാച്ചിലില്‍ തളര്‍ന്നത് എന്റെ ശരീരത്തേക്കാള്‍ ഏറെ മനസ്സായിരുന്നു ...
അവിടെ നിന്നും ഇറങ്ങുമ്പോള്‍ ഞാന്‍ ചിന്തിക്കുകയായിരുന്നു തന്റേതല്ലാത്ത കാരണത്താല്‍ കഥയെഴുതാന്‍ പോയി .. ഒടുവില്‍ കിട്ടിയതോ?
...